വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഇബ്ലിദ് പ്രവിശ്യയില്‍ വ്യോമാക്രമണം. യുദ്ധവിമാനങ്ങളുടെ സഹായത്തോടെ നിരന്തരമായി അഞ്ചു തവണ ആക്രമണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാസായുധ ആക്രമണം ദുരന്തം വിതച്ചതിനു ഒരു ദിവസത്തിനുള്ളില്‍ തന്നെയാണ് മറ്റൊരു വ്യോമാക്രമണം കൂടെ  സിറിയന്‍ ജനതയ്ക്കു മേൽ നടത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന രാസായുധ ആക്രമണത്തിൽ  പന്ത്രണ്ടോളംപേര്‍ മരണപ്പെട്ടു എന്നാണു സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണാലയം അറിയിക്കുന്നത്.

ഇബ്ലിദ് പ്രവിശ്യയിലെ ഖാന്‍ ഷെയിഖോന്‍ നഗരത്തില്‍ ആണ് വ്യോമാക്രമണം നടന്നത്. വ്യോമാക്രമണം  ആഴിച്ചുവിട്ട യുദ്ധവിമാനങ്ങള്‍ ആരുടെതാണ് എന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന രാസായുധ ആക്രമത്തിന്‍റെ ചുമതല സിറിയന്‍ സര്‍ക്കാരിനാണ് എന്ന് അമേരിക്ക ആരോപിക്കുന്നു.

എന്നാല്‍ സിറിയന്‍ സര്‍ക്കാരിന്‍റെ വ്യോമാക്രമണം വിമതരുടെ രാസായുധ സംഭരണശാലയില്‍ ചെന്നു പതിച്ചതാണ് രാസവിഷം വമിക്കാന്‍ കാരണമായത് എന്നാണു റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.

സിറിയന്‍ സേനയുടെ പക്കലുള്ള യുദ്ധവിമാനങ്ങളാണ് രാസായുധ അക്രമം നടത്തിയത് എന്നാണു സിറിയന്‍ നിരീക്ഷണാലയത്തിന്‍റെ പക്ഷം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ