ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍(എംസിഡി) എ.എ.പി.-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റി മേയര്‍ ഷെല്ലി ഒബ്റോയ്. ഇന്നലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ നടക്കുന്നതിനിടെ എ.എ.പി.-ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയതോടെയാണ് മേയര്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഡല്‍ഹി കോര്‍പറേഷന്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതാക്കള്‍ ഈ നീക്കത്തെ എതിര്‍ത്തു. എക്സിക്യൂട്ടീവും സാമ്പത്തിക അധികാരവുമുള്ള സുപ്രധാന പാനലായ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ആറ് അംഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒബ്റോയ് ഒരു വോട്ട് അസാധുവാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
രാവിലെ 11.30 ഓടെ വോട്ടെടുപ്പ് ആരംഭിച്ചു, 250 കൗണ്‍സിലര്‍മാരില്‍ 242 പേര്‍ വോട്ട് ചെയ്തു. ഉച്ചയ്ക്ക് 2.30ന് വോട്ടെണ്ണല്‍ ആരംഭിച്ചു. വൈകിട്ട് 4.30ന് ഒരു വോട്ട് അസാധുവായതായി മേയര്‍ പ്രഖ്യാപിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മേയര്‍ക്കെതിരെ ബിജെപി വാക്കേറ്റവും മുദ്രാവാക്യം വിളിയും തുടങ്ങിയത്. ഇതേതുടര്‍ന്ന് എഎപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളുമായി എത്തി.
രണ്ട് മണിക്കൂറോളം തര്‍ക്കങ്ങള്‍ക്കും മുദ്രാവാക്യം വിളികള്‍ക്കും ശേഷം വൈകിട്ട് 7.15 ഓടെ മേയര്‍ ഫലപ്രഖ്യാപനം നടത്താനിരിക്കെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. പാര്‍ട്ടി നേതാക്കള്‍ വേദിയില്‍ കയറി പോഡിയവും മൈക്കുകളും പേന സ്റ്റാന്‍ഡും തകര്‍ത്തു. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കൈയ്യാശജ്കളിയിലേക്ക് എത്തി. ബി.ജെ.പി കൗണ്‍സിലര്‍ സഞ്ജീവ് സിംഗ് മേയറുടെ കൈയില്‍ നിന്ന് ബാലറ്റ് പേപ്പറുകള്‍ തട്ടിപ്പറിച്ചെന്നാരോപിച്ച് പിന്നാലെ ഓടുന്നത് കണ്ടു. ഒടുവില്‍ കൗണ്‍സിലര്‍മാര്‍ മേയറെ തള്ളുകയും ഘരാവോ ചെയ്യുകയും ചെയ്തു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഫലപ്രഖ്യാപന വേളയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തനിക്കെതിരെ ആക്രമണം നടത്തിയെന്ന് ഒബ്റോയ് പറഞ്ഞു. വനിതാ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ എന്നെ രക്ഷിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് എനിക്കറിയില്ല. ‘എംസിഡി ഹൗസില്‍ വച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ എന്നെ ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണറോട് നാളെ അടിയന്തര അപ്പോയിന്റ്‌മെന്റ് അഭ്യര്‍ത്ഥിച്ചു,’ അവര്‍ ട്വീറ്റ് ചെയ്തു.
ആം ആദ്മി കൗണ്‍സിലര്‍ എന്നെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് ആക്രമിച്ചെന്ന്
അനാര്‍ക്കലി വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ മീനാക്ഷി ആരോപിച്ചു. തങ്ങളുടെ കൗണ്‍സിലര്‍മാരിലൊരാളായ അശോക് കുമാര്‍ മനു പ്രതിഷേധങ്ങള്‍ക്കിടെ കുഴഞ്ഞുവീണുവെന്നും പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും എഎപി ആരോപിച്ചു. സിആര്‍ പാര്‍ക്ക് കൗണ്‍സിലര്‍ അഷു താക്കൂര്‍ (എഎപി), ബിജെപി നേതാവ് പുനീത് ശര്‍മ, ദര്യ ഗഞ്ച് കൗണ്‍സിലര്‍ സരിക ചൗധരി (എഎപി) എന്നിവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഇത്തരം ക്രൂരമായ അക്രമങ്ങളും സംഭവങ്ങളും ബീഹാറില്‍ പോലും നടന്നിട്ടില്ലെന്നും രാജ്യതലസ്ഥാനത്താണ് നടക്കുന്നതെന്നും പ്രതിഷേധത്തിന് ശേഷം എഎപി എംഎല്‍എ അതിഷി പറഞ്ഞു. ബി ജെ പിയുടെ എല്ലാ നിബന്ധനകളും അംഗീകരിച്ചെങ്കിലും തോല്‍ക്കുന്നുവെന്ന് കണ്ടെത്തിയ ഉടന്‍ ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്ത് മേയറെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കം ഞങ്ങളുടെ കൗണ്‍സിലര്‍മാരില്‍ പലരും ശാരീരികമായി ആക്രമിക്കപ്പെടുകയും ചിലരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഞങ്ങള്‍ പരാതി നല്‍കുകയും എഫ്ഐആര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.