ഗാസ: ഇസ്രയേല്‍ സൈന്യത്തിന്റെ ടിയര്‍ ഗ്യാസ് പ്രതിഷേധക്കാരെ മൂടുമ്പോള്‍ മുത്തശ്ശിയുടെ കൈകളിലായിരുന്നു ലൈല ഗന്ദോര്‍ എന്ന എട്ട് മാസം പ്രായമുളള കുഞ്ഞ്. ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞു ലൈലയുടെ തിളങ്ങുന്ന പച്ച കണ്ണുകളില്‍ അവസാനമായി അന്ന് കണ്ണീരൊഴുകി. പിന്നീട് ശ്വാസം കിട്ടാതെ ചുമച്ച് ചുമച്ച് മണിക്കൂറുകള്‍ക്കുളളില്‍ ആ കുഞ്ഞ് മരിച്ചു.

ഗസയിൽ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്‌പിലും ടിയര്‍ ഗ്യാസ് പ്രയോഗത്തിലും കൊല്ലപ്പെട്ട കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് ലൈല. ഞായറാഴ്‌ചയും അടുത്ത ദിവസവും നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കവിഞ്ഞു. ലൈലയെ കൈകളില്‍ എടുത്ത് ആശുപത്രി വാര്‍ഡില്‍ വിലപിക്കുന്ന അമ്മ മറിയത്തിന്റെ ചിത്രം ഗാസയിലെ ഇസ്രയേല്‍ അതിക്രമത്തിന്റേ നേര്‍ചിത്രമായി ആഗോളതലത്തില്‍ ചര്‍ച്ചയായി മാറുകയാണ്. തുര്‍ക്കി തീരത്ത് അടിഞ്ഞ അയ്‍ലന്‍ കുർദിയെന്ന സിറിയന്‍ ബാലന്റെ ചിത്രം ലോക ജനതയെ ഞെട്ടിച്ചത് പോലെ ഗാസയിലെ ചിത്രവും ഒരു രാഷ്ട്രീയ പ്രതീകമായി നില കൊളളുകയാണ്.

മറിയത്തിന്റെ ജീവിതത്തില്‍ ഇത് രണ്ടാം തവണയാണ് മറ്റൊരു ദുരന്തം സംഭവിക്കുന്നത്. രണ്ട് വര്‍ഷം മുമ്പുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ വീടിന് മുകളില്‍ ബോംബ് വീണ് സലീം എന്ന 26 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ നഷ്ടമായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ലൈലയുടെ കുടുംബത്തിന് ബസിലേക്ക് കയറാന്‍ നിര്‍ദേശം ലഭിച്ചത്. പ്രതിഷേധം നടക്കുന്ന അതിര്‍ത്തിയിലെ വേലിക്കരികിലേക്ക് ജനങ്ങളെ കൊണ്ടുപോവാനായിരുന്നു ബസ് വന്നത്. അമ്മാവനായ 12 വയസുകാരനായ അമ്മര്‍ ആണ് ലൈലയെ ബസിലേക്ക് കൊണ്ടു പോയത്. ലൈലയുടെ മാതാവ് ബസില്‍ ഉണ്ടെന്ന് തെറ്റിദ്ധരിച്ചായിരുന്നു അമ്മര്‍ കുട്ടിയേയും കൊണ്ട് ബസില്‍ കയറിയത്. എന്നാല്‍ വീടിനകത്ത് ഉണ്ടായിരുന്ന മറിയം ഇതൊന്നും അറിഞ്ഞില്ല. പ്രതിഷേധം നടക്കുന്നിടത്തെ ടെന്റില്‍ കുട്ടിയെ ഇരുത്തി മുത്തശ്ശിയായ ഹെയാം ഒമറിനെ തിരഞ്ഞ് അമ്മര്‍ പോയി.

ലൈലയെ ഒരു ബന്ധു സ്ത്രീയെ ഏല്‍പ്പിച്ചാണ് പോയത്. തുടര്‍ന്ന് മുത്തശ്ശിയെ കണ്ടെത്തിയതിന് ശേഷം കുട്ടിയെ അവരുടെ കൈയ്യില്‍ ഏല്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് ടിയര്‍ ഗ്യാസ് കുട്ടിയുടെ മേല്‍ പതിച്ചത്. ഉടന്‍ തന്നെ വെളളം കൊണ്ട് ലൈലയുടെ മുഖം കഴുകിയതായി ഹെയാം പറഞ്ഞു. തുടര്‍ന്ന് വെളളം കൊടുത്ത് കൂടുതല്‍ ചികിത്സ തേടാനായി മടങ്ങിയെങ്കിലും ലൈലയുടെ ശ്വാസം നിലച്ചതായി കണ്ണീരോടെ അവര്‍ പറഞ്ഞു. വൈകിട്ട് 6.34ഓടെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞത്. ‘അവളുടെ ശരീരാവയവങ്ങള്‍ നീലിക്കുകയും തണുക്കുകയും ചെയ്തിരുന്നു’ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

നാല് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലപാതകമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയില്‍ നടന്നത്. സംഭവത്തിൽ 400ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാൾ പ്രതിഷേധക്കാരുടെ എണ്ണത്തിലും വൻ കുറവുണ്ടായിട്ടുണ്ട്.

ഇസ്രയേല്‍ രൂപീകരണത്തിന്റെ 70-ാം വാര്‍ഷികവേളയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 1948 മേയ് 14നായിരുന്നു ഇസ്രയേല്‍ രൂപീകരണം. ആയിരക്കണക്കിന് പലസ്തീനികളുടെ പലായനവും ഇതേതുടര്‍ന്ന് ഉണ്ടായിരുന്നു. നക്ബ (മഹാദുരന്തം) എന്നാണ് പലസ്തീന്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്.

തിങ്കളാഴ്‌ചയുണ്ടായ വെടിവയ്‌പില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഗാസയില്‍ വലിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന് സൂചനയുണ്ടായിരുന്നു. 2,700 ഓളം പേര്‍ക്ക് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ പരുക്കേറ്റതായും പലസ്തീന്‍ പറയുന്നു. 2014ലെ യുദ്ധം മുതല്‍ ഗാസയില്‍ ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട സംഭവവുമായിരുന്നു കഴിഞ്ഞ ദിവസത്തേത്ത്.

അതേസമയം, ഗാസയിലെ ഇസ്‌ലാമിസ്റ്റ് ശക്തിയായ ഹമാസിനെതിരെ സൈന്യം സ്വരക്ഷാ പ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഇസ്രായേലിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു നടക്കുന്ന ശക്തികളാണ് ഹമാസ് എന്നും നെതന്യാഹു കുറ്റപ്പെടുത്തി.

കൂട്ടക്കൊലയില്‍ പലസ്തീന്‍ നേതാക്കള്‍ അപലപിച്ചു. മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമെന്നാണ് യുഎന്‍ വക്താവും പ്രതികരിച്ചത്.

ജറുസലേമില്‍ അമേരിക്ക എംബസി തുറന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധമാണ് പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പലസ്തീന്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്നും എംബസി ആസ്ഥാനം ജറുസലേമിലേക്ക് മാറ്റിയ യുഎസ് നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്ത അമേരിക്ക, കിഴക്കന്‍ ജറുസലേമിനെ ആസ്ഥാനമായി തിരഞ്ഞെടുത്തതില്‍ രാജ്യാന്തര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ