ന്യൂഡൽഹി: വ്യാജ പ്രൊഫൈലുകൾ വഴിയുളള അതിക്രമങ്ങൾ അതിരുവിടുകയും ആസിഡ് ആക്രമണ ഭീഷണി അടക്കം നേരിടുകയും ചെയ്തതോടെ പ്രതിയെ പിടിക്കാൻ 19 കാരി യാത്ര ചെയ്തത് 900 കിലോമീറ്റർ. ഡൽഹിയിൽ നിന്ന് മദ്ധ്യപ്രദേശിലെ കണ്ഡവ എന്ന സ്ഥലത്തേക്കാണ് ഇവർ 36 കാരനായ ഭർത്താവിനൊപ്പം പൊലീസ് നിർദേശത്തെ തുടർന്ന് യാത്ര ചെയ്തത്.

തന്ത്രപരമായി പ്രതിയെ കുടുക്കാനായിരുന്നു ശ്രമം. ഡൽഹി പൊലീസിലാണ് ഇവർ ആദ്യം പരാതി നൽകിയത്. ഗായികയും മോഡലുമായ ഇവരുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ഷാകിർ ഹുസൈൻ എന്നയാൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായിരുന്നു പരാതി. എന്നാൽ നടപടിയൊന്നും എടുത്തില്ല.

തന്റെ ഒപ്പം രണ്ടു ദിവസം ബെംഗളൂരുവിൽ താമസിച്ചാൽ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഡിലീറ്റ് ചെയ്യാമെന്നായിരുന്നു ഹുസൈൻ പറഞ്ഞത്. ഡൽഹി പൊലീസ് നടപടിയെടുക്കാതിരുന്നതോടെയാണ് ഇവർ മദ്ധ്യപ്രദേശിലേക്ക് യാത്ര തിരിച്ചത്. കണ്ഡവ പൊലീസ് സ്റ്റേഷനിൽ എത്തി അവരുടെ സഹായത്തോടെ പ്രതിയെ പിടികൂടാനായിരുന്നു ശ്രമം.

ഇവരുടെ ഭർത്താവ് നേരത്തെ കണ്ഡവയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രദേശത്തെ കുറിച്ച് അറിവുണ്ടായതിനാലാണ് 19 കാരി ഭർത്താവിനൊപ്പം ഇവിടേക്ക് എത്തിയത്. പിന്നീട് പൊലീസ് നൽകിയ നിർദേശ പ്രകാരം തനിക്ക് സുഖമില്ലെന്നും താൻ കണ്ഡവയിലുണ്ടെന്നും അറിയിച്ച് പ്രതിയെ വിളിച്ചു. ഇവർ പറഞ്ഞത് വിശ്വസിച്ച്, ഹുസൈൻ എത്തിയപ്പോഴാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 151-ാം വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. എന്നാൽ ഒരു മണിക്കൂറിനുളളിൽ പ്രതിക്ക് ജാമ്യം കിട്ടി. ഇയാൾ വീണ്ടും പരാതിക്കാരിയെ ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പരാതിക്കാരി പൊലീസിനെ അറിയിക്കുകയും പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ ഡൽഹി പൊലീസിന് കൈമാറി.

ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിയും ഭർത്താവും പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വന്നിരുന്നെന്ന് ന്യൂഡൽഹി ഈസ്റ്റ് ഡിസിപി പങ്കജ് കുമാർ സിങ് പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് പരാതിക്കാരിയോട് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞിരുന്നെങ്കിലും അവർ വരാതിരുന്നതാണ് കേസ് റജിസ്റ്റർ ചെയ്യാതിരിക്കാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഈ പരാതി നൽകിയ സമയത്താണ് പരാതിക്കാരിയുടെ വിവാഹം നടന്നത്. ഇതോടെ ഹുസൈൻ ഒരുപടികൂടി ഉയർന്ന ആക്രമണമാണ് അഴിച്ചുവിട്ടത്.

ആദ്യ പരാതി ലഭിച്ചപ്പോൾ തന്നെ ഡൽഹി സൈബർ പൊലീസ് ഹുസൈൻ ഉപയോഗിച്ചിരുന്ന പരാതിക്കാരിയുടെ ഒരു വ്യാജ പ്രൊഫൈൽ പൂട്ടിച്ചിരുന്നു. എന്നാൽ പിന്നീട് ഹുസൈൻ കൂടുതൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി. പരാതിക്കാരിയുടെ വ്യാജ പ്രൊഫൈലിലൂടെ ഇവരുടെ വിവാഹം മുടക്കാൻ ഇയാൾ ശ്രമം നടത്തി. ഭർത്താവാകാൻ പോകുന്നയാൾ ബലാത്സംഗ കേസിലെ പ്രതിയാണെന്ന് വ്യാജപ്രൊഫൈലിൽ കുറിച്ചു. ഇതാണ് ഹുസൈനെ നിയമത്തിന് മുന്നിലെത്തിച്ചേ മതിയാകൂ എന്ന നിലയിലേക്ക് പരാതിക്കാരിയെ എത്തിച്ചത്.

“ഞങ്ങളുടെയും അയാളുടെയും കുടുംബങ്ങൾ തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇയാൾ ഇടയ്ക്ക് വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അഞ്ച് വർഷമായി ഇയാൾ എന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നുണ്ട്. എന്നാൽ ഞാൻ മറ്റൊരു മതക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞാൻ മതംമാറാൻ പോവുകയാണെന്ന് ഇയാൾ എന്റെ വീട്ടുകാരോട് പറഞ്ഞു. പിന്നീടാണ് വ്യാജ പ്രൊഫൈലുകൾ വഴി ഭീഷണി ഉണ്ടായത്,” പരാതിക്കാരി പ്രതിയുമായുളള ബന്ധത്തെ കുറിച്ച് വിശദീകരിച്ചു.

“അയാൾ എന്നെ ബലാത്സംഗം ചെയ്തയാളായി ചിത്രീകരിച്ചു. എന്റെ ഭാര്യയെ അയാൾ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഉപദ്രവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ ഇയാൾ ഇത്രയും പരിധിവിട്ട് പോകുമെന്ന് കരുതിയില്ല,” പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ