പട്‌ന: നളന്ദ സർവ്വകലാശാലയിൽ നിന്ന് 98-ാം വയസിൽ മാസ്റ്റേർസ് ബിരുദം നേടിയ രാജ്‌കുമാർ വൈശ്യ എന്ന വിദ്യാർത്ഥിക്ക് ബിരുദ പത്രം കൈമാറി. നളന്ദ ഓപ്പൺ സർവ്വകലാശാലയുടെ 12-ാമത് കോൺവക്കേഷനിലാണ് രാജ്കുമാറിന് സർട്ടിഫിക്കറ്റ് നൽകിയത്.

പാട്‌നയിൽ നടന്ന ചടങ്ങിൽ മേഘാലയ ഗവർണർ ഗംഗാ പ്രസാദ് ആണ് ബിരുദപത്രം കൈമാറിയത്. 2015 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിച്ച രാജ്കുമാർ, ഈ വർഷം ജൂലൈയിൽ പഠനം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

“എനിക്കിപ്പോൾ വളരെയേറെ സന്തോഷമുണ്ട്. ഞാൻ എന്റെ മാസ്റ്റേർസ് സ്വപ്നം യാഥാർത്ഥ്യമാക്കി. കഠിനമായി പരിശ്രമിച്ചാണ് ഞാനീ വിജയം നേടിയത്. യുവാക്കൾ കരിയറിന് മാത്രമല്ല, പഠനത്തിനും പ്രാധാന്യം നൽകണം”, അദ്ദേഹം പറഞ്ഞു.

22100 പേർക്കാണ് ഈ വർഷം നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദം നൽകിയത്. അതിൽ 2780 പേർക്കാണ് സർവ്വകലാശാല നേരിട്ട് കോൺവക്കേഷൻ ചടങ്ങിൽ ആദരിച്ചത്. വൈശ്യ, സ്വർണ്ണമെഡൽ കരസ്ഥമാക്കിയ 29 പേരിൽ ഒരാളായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ