ഹൈദരാബാദ്: ഒറ്റരാത്രി കൊണ്ട് ഹൈദരാബാദ് പൊലീസും തീവ്രവാദ വിരുദ്ധ കമാന്‍ഡോകളും തിരച്ചില്‍ നടത്തിയത് 900ത്തോളം വീടുകളില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു കൊളളയുമായി ബന്ധപ്പെട്ട് ഇത്രയും വീടുകളില്‍ പരിശോധന നടത്തിയത്. പ്രതികള്‍ ഒളിച്ചിരിക്കുന്നുണ്ടാകാമെന്ന നിഗമനത്തിലാണ് നടപടി.

ആന്ധ്രപ്രദേശ് തീവ്രവാദ വിരുദ്ധ കമാന്‍ഡോകളും പൊലീസും സംയുക്തമായി രാജേന്ദര്‍ നഗറിലെ അപ്പാര്‍ട്ട്മെന്റുകളും വില്ലകളും കേന്ദ്രീകരിച്ചാണ് എട്ട് മണിക്കൂറോളം പരിശോധന നടത്തിയത്. മുത്തൂറ്റ് ഫിനാന്‍സ് ഓഫീസ് കൊളളയടിക്കാന്‍ ശ്രമിച്ച ഏഴോളം കുറ്റവാളികളെ തേടിയാണ് നടപടി.

ഇവര്‍ കൊളളയടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുത്തൂറ്റ് ഓഫീസിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കസ്റ്റമറായി ചമഞ്ഞ് ഒരാള്‍ ആദ്യം ഓഫീസിലേക്ക് കടക്കുകയും പിന്നാലെ മറ്റുളളവര്‍ തോക്കുകളുമായി ഇരച്ചു കയറുകയുമായിരുന്നു. എന്നാല്‍ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരുടെ അവസരോചിത ഇടപെടലിലൂടെ കൊളളശ്രമം വിഫലമാവുകയായിരുന്നു. ഒരു ജീവനക്കാരന്‍ ജനാലയ്കക്ക് അടുത്തെത്ത് സഹായത്തിനായി ഒച്ചയിടുകയായിരുന്നു.

ഇതേ സമയം മറ്റൊരു ജീവനക്കാരന്‍ അപായ സൂചന നല്‍കി സ്വിച്ച് ഓണ്‍ ചെയ്യുകയും ചെയ്തു. കൈവിട്ട് പോകുമെന്ന് കണ്ട കൊളളസംഘം പദ്ധതി ഉപേക്ഷിച്ച് സംഥലം വിടുകയായിരുന്നു. കൊളളയ്ക്ക് ഉപയോഗിച്ച എസ്‍യുവി കാര്‍ ഒരു അപ്പാര്‍ട്ട്മെന്റിന് പുറത്ത് കണ്ടെത്തിയതാണ് തിരച്ചില്‍ വ്യാപിപ്പിക്കാന്‍ കാരണമായത്. ഒരു ബാഗും വലിയ ബ്ലേഡും ആയുധങ്ങളും മറ്റൊരു കാറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സംശയം തോന്നിയ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ