scorecardresearch
Latest News

ഇന്റർനെറ്റ് ശൃംഖലയില്ലാത്ത ഗ്രാമം, ക്ലാസിനായി അധ്യാപകനും വിദ്യാർഥികളും കുന്നിൻ മുകളിൽ

അറന്നൂറ്റി അന്‍പതോളം വീടുകളുള്ള ഗാമത്തില്‍നിന്നുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം, അവര്‍ പഠനത്തിനെത്തുന്ന ആ ചെറിയ പുല്‍ത്തകിടി കൂടിച്ചേരുന്നതിനും പരീക്ഷകള്‍ക്കു ലോഗിന്‍ ചെയ്യുന്നതുമായ മരുപ്പച്ചയാണ്

ഇന്റർനെറ്റ് ശൃംഖലയില്ലാത്ത ഗ്രാമം, ക്ലാസിനായി അധ്യാപകനും വിദ്യാർഥികളും കുന്നിൻ മുകളിൽ

ലിംബര്‍ (ബാരാമുല്ല): സ്‌കൂള്‍ അധ്യാപകനായ മന്‍സൂര്‍ അഹ്‌മദ് ചാക് എല്ലാ പ്രവൃത്തിദിനത്തിലും തന്റെ ഗ്രാമത്തില്‍നിന്ന് മൂന്നു കിലോ മീറ്റര്‍ നടന്ന് ഒരു കിലോ മീറ്ററോളം കുന്ന് കയറും. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് തേടിയാണ് അദ്ദേഹത്തിന്റെ യാത്ര. അന്നന്നത്തെ പാഠപദ്ധതി ജമ്മു കശ്മീര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാനാണ് ചാകിന്റെ ഈ നടത്തം.

ഒറ്റയ്ക്കല്ല മന്‍സൂര്‍ അഹ്‌മദ് ചാകിന്റെ നടത്തം. അദ്ദേഹത്തിനൊപ്പം പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും കുന്നിന്‍ മുകളിലേക്ക് എത്തും. സമീപത്തെ പുല്‍ത്തകിടിയില്‍ സ്ഥാനം പിടിക്കുന്ന അവര്‍, മാതാപിതാക്കളുടെ ഫോണുകളില്‍ ക്ലാസ് പ്രവര്‍ത്തനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ക്ഷമയോടെ കാത്തിരിക്കും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് ഒരിക്കലും മതിയായ നെറ്റ്‌വര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍, വീട്ടിലിരുന്ന് പാഠഭാഗങ്ങള്‍ വായിക്കുന്നത് കാണാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

online classes, digital divide, internet connectivity jammu kashmir, srinagar online classes, srinagar internet connectivity, jammu kashmir coronavirus, coronavirus update, jammu kashmir news, ie malayalam

”വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടം ഇപ്പോള്‍ നമ്മുടെ കുട്ടികളുടെ പോരാട്ടമാണ്,” ചാക് പറയുന്നു. ശ്രീനഗറില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ബാരാമുല്ലയിലെ ലിംബര്‍ എന്ന ഗ്രാമത്തിലെ താമസക്കാരാണ് ഈ ഹൈസ്‌കൂള്‍ അധ്യാപകനും വിദ്യാര്‍ത്ഥികളും. ഝലം നദിക്കപ്പുറം, റോഡ് നിര്‍മാണത്തിലുള്ള ഈ കുന്നിന്‍ മുകളില്‍ ഒരു ടെലിഫോണ്‍ ലാന്‍ഡ് ലൈന്‍ പോലും ഇനിയുമെത്തിയിട്ടില്ല.

അറന്നൂറ്റി അന്‍പതോളം വീടുകളുള്ള ഗാമത്തില്‍നിന്നുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം, അവര്‍ പഠനത്തിനെത്തുന്ന ആ ചെറിയ പുല്‍ത്തകിടി കൂടിച്ചേരുന്നതിനും പരീക്ഷകള്‍ക്കു ലോഗിന്‍ ചെയ്യുന്നതുമായ മരുപ്പച്ചയാണ്.

”ഈ പ്രദേശത്ത് ചില വന്യമൃഗങ്ങളുണ്ട്. തവിട്ടുനിറത്തിലുള്ള കരടികളെ കണ്ടിട്ടുണ്ട്. കുട്ടികളെ തനിച്ച് ഇവിടേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വൈകിട്ട് ആറിനു ശേഷം ഇവിടെ വരാന്‍ കുട്ടികളെ ഞങ്ങള്‍ അനുവദിക്കുന്നില്ല,” തന്റെ മകനോടൊപ്പം എത്തിയ ലിംബര്‍ നിവാസിയായ സജാദ് അഹ്‌മദ് പറഞ്ഞു.

Also Read: കോവിഡ് കാലത്ത് രാജ്യത്ത് അനാഥരായത് 3,621 കുട്ടികൾ

”ഗ്രാമത്തിനുള്ളില്‍ പോലും ആളുകള്‍ ഇപ്പോഴും വീടുതോറും ബന്ധം പുലര്‍ത്തുന്നു. കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായി ജനസംഖ്യയുടെ 20 ശതമാനം ഓരോ വര്‍ഷവും താല്‍ക്കാലികമായി കുടിയേറുന്നു,” ഗ്രാമത്തില്‍ 2011ല്‍ സെന്‍സസ് നടത്തിയ സംഘത്തിന്റെ ഭാഗമായ അഹ്‌മദ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍, വിദ്യാര്‍ത്ഥികള്‍ പലപ്പോഴും പഠനക്കുറിപ്പുകള്‍ക്കായി പുറത്തുപോകേണ്ടി വരുന്നതായി 2007 മുതല്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ചാക് പറയുന്നു.

online classes, digital divide, internet connectivity jammu kashmir, srinagar online classes, srinagar internet connectivity, jammu kashmir coronavirus, coronavirus update, jammu kashmir news, ie malayalam

”ഇതുപോലുള്ള ഒരു ചെറിയ ഗ്രാമത്തില്‍, ഞാന്‍ അവരെ എല്ലാ വിഷയങ്ങളും പഠിപ്പിക്കണം. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാലയങ്ങള്‍ക്കു പുറമെ ഒരു സെക്കന്‍ഡറി സ്‌കൂളും മൂന്ന് മിഡില്‍ സ്‌കൂളുകളും ഉണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ പത്താം ക്ലാസിനുശേഷം അയല്‍ പട്ടണങ്ങളിലേക്കു മാറണം. കോളജ് വിദ്യാഭ്യാസത്തിനായി ജില്ലാ ആസ്ഥാനത്തേക്കും,” അദ്ദേഹം പറഞ്ഞു..

”ബരാമുള്ളയിലെത്താന്‍ ജീപ്പ് കൂലി 70 രൂപയാണ്. ഭക്ഷണത്തിനും മറ്റും വേണം വേറെയും പണം വേണം. ഇങ്ങനെ ഒരു ദിവസത്തെ കോളേജ് ജീവിതത്തിന് ഏകദേശം 250 രൂപ വരും. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഇത് വലിയ തുകയാണ്,” ചാക് പറഞ്ഞു.

അതേസമയം, പുറത്തേക്കു പോകാന്‍ കഴിയുന്നവര്‍ വ്യത്യസ്തമായ ഒരു കൂട്ടം പ്രശ്നങ്ങള്‍ നേരിടുന്നു. ഇവരിലൊരാളാണ് ഹരിയാനയിലെ കുറുക്ഷേത്ര സര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ത്ഥിയായ അക്കിബ് ഹഫീസ്. താന്‍ ആദ്യമായി പോയപ്പോള്‍ സഹപാഠികളുമായി സംസാരിക്കാന്‍ പ്രയാസപ്പെട്ടിരുന്നതായി അക്കിബ് പറഞ്ഞു.

”ഭാഷയ്ക്കു പുറമെ ധാരാളം മറ്റു പ്രശ്നങ്ങളുണ്ട്. മറ്റുള്ളവരുടെ കൈവശമുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഒരിക്കലും ലഭ്യമല്ലാത്തതിനാല്‍ ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം,” അക്കിബ് പറഞ്ഞു. ബാരാമുള്ളയിലെ ഒരു വാടക മുറിയില്‍ താമസിച്ചാണ് അക്കിബ് ഹഫീസ് പരീക്ഷയ്ക്കു ഓണ്‍ലൈനായി ഹാജരായത്. പരീക്ഷയ്ക്കു തയാറെടുക്കുന്നതിനു സ്ഥിരമായി ഇന്റര്‍നെറ്റ് കണക്ഷണനോടെ നാല് ദിവസത്തെ താമസത്തിനു 2,000 രൂപയാണ് അക്കിബ് നല്‍കിയത്.

online classes, digital divide, internet connectivity jammu kashmir, srinagar online classes, srinagar internet connectivity, jammu kashmir coronavirus, coronavirus update, jammu kashmir news, ie malayalam

ഒരു ക്ലാസ് ഡൗണ്‍ലോഡ് ചെയ്യാന്‍ നാല് ദിവസമെടുക്കുമെന്ന് പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ പതിനെട്ടുകാരനായ റൗഫ് അഹ്‌മദ് പറയുന്നു. പതിനാലുകാരിയായ അര്‍വീന് ഐഎഎസ് ഉദ്യോഗസ്ഥയാകാനാണ് ആഗ്രഹം. എന്നാല്‍ പുറം ലോകവുമായി മത്സരിക്കാന്‍ കഴിയാത്തതിനാല്‍ തന്റെ ആഗ്രഹത്തിനു മറച്ചുപിടിക്കാൻ പഠിച്ചതായി അര്‍വീന്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെന്നത് വിദ്യാര്‍ഥികളുടെ മാത്രം പ്രശ്‌നമല്ല. തങ്ങളുടെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ”ഗ്രാമത്തിലെ പലര്‍ക്കും, പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്ക്, പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതിനാല്‍ ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയില്ല,” പ്രദേശവാസിയായ മുഹമ്മദ് ഹമീദ് ഖാന്‍ (43) പറഞ്ഞു.

പ്രദേശത്ത് എടിഎമ്മില്ലാത്തതിനാല്‍ ബാങ്കിലേക്ക് പോകാന്‍ എല്ലാ ആഴ്ചയും ഒരു ദിവസം മാറ്റിവയ്ക്കണമെന്നാണ് സിവില്‍ കരാറുകാരനായ തസ്ലീം ആരിഫ് പറയുന്നത്.

ലിംബര്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ നൂറ്റി അന്‍പതിലധികം ഗ്രാമങ്ങളില്‍ ഇപ്പോഴും കാര്യക്ഷമമായ ഇന്റര്‍നെറ്റ് ശൃംഖലയില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ദുര്‍ഘടമായ ഭൂപ്രദേശവും വിദൂര സ്ഥലങ്ങളുമാണ് ഈ ഡിജിറ്റല്‍ വിടവിന് പ്രധാന കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ”പ്രശ്‌നം (ലിംബറിലേത്) എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴുള്ളതിനാല്‍ അത് പരിശോധിക്കും,”ബാരാമുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ ഭൂപീന്ദര്‍ കുമാര്‍ പറഞ്ഞു.

  • തയാറാക്കിയത്: നവീദ് ഇഖ്ബാൽ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 90 km from srinagar a village without network a class on a hill