ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നുളള 90 ഓളം ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു.  പാക്കിസ്ഥാനിൽ നിന്നും വളരെയേറെ വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയവർക്കാണ് പൗരത്വം നൽകിയത്. പൊതുചടങ്ങിൽ വച്ചാണ് ജില്ല കളക്ടർ വിക്രാന്ത് പാണ്ഡെ ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് ഇവർക്ക് നൽകിയത്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾക്കും സിഖ് മതക്കാർക്കും പൗരത്വം അനുവദിക്കാമെന്ന് 2016ലാണ് കേന്ദ്രസർക്കാർ നിലപാടെടുത്തത്.

2016 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഗുജറാതത്തിലെ മൂന്ന് ജില്ലകളിലെ കളക്ടർമാർക്ക് ഇത്തരത്തിൽ പൗരത്വം അനുവദിക്കാനുളള അനുമതി നൽകിയത്. ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കുച് ജില്ലകളിലെ കളക്ടർമാർക്കായിരുന്നു ഈ അധികാരം ലഭിച്ചത്.

ഇന്നത്തെ നീക്കത്തോടെ പാക്കിസ്ഥാനിൽ നിന്നും കുടിയേറിയവരെ ഇന്ത്യൻ പൗരന്മാരാക്കിയതിൽ മുന്നിൽ നിൽക്കുകയാണ് അഹമ്മദാബാദ്. 2016 ൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്ന ശേഷം ഇതുവരെ 90 പേരെയാണ് അഹമ്മദാബാദിൽ പൗരന്മാരാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ ഈ കുറഞ്ഞ കാലയളവിനുളളിൽ ഇത്തരത്തിൽ പൗരന്മാരാക്കിയതിന്റെ നേട്ടവും അഹമ്മദാബാദ് കളക്ടർ നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook