ന്യൂഡൽഹി: ഒൻപതു മാസം പ്രായമുള്ള കുട്ടിയോട് ഡേകെയർ ജീവനക്കാരിയുടെ ക്രൂരത. ഡേ കെയർ ജീവനക്കാരിയുടെ അശ്രദ്ധമൂലം കുട്ടിക്ക് കൈ വിരൽ നഷ്ടമായി. ഗുഡ്ഗാവിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കുട്ടിയുടെ ഡയപർ മാറ്റുന്നതിനിടെ കൈവിരൽ വാതിലിൽ കുടുങ്ങി. എന്നാൽ ഇതു ശ്രദ്ധിക്കാതെ ഡേ കെയർ ജീവനക്കാരി വാതിൽ അടയ്ക്കുകയായിരുന്നു. കുട്ടിയുടെ ഇടതുകൈയ്യിലെ മോതിര വിരൽ സംഭവത്തെത്തുടർന്ന് മുറിച്ചുമാറ്റേണ്ടി വന്നു.

Read More: കൊച്ചിയിൽ ഡേ കെയറിൽ കുട്ടികൾക്ക് മർദ്ദനം: സ്ഥാപന ഉടമ പൊലീസ് കസ്റ്റഡിയിൽ

സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ”ഞാൻ ഈ പോസ്റ്റ് എഴുതുന്ന സമയത്ത് എന്റെ മകൾ എന്റെ അടുത്ത് കിടപ്പുണ്ട്. അവളുടെ ഇടതുകൈ അനക്കാനാവില്ല. ഡേകെയർ ജീവനക്കാരിയുടെ അശ്രദ്ധ മൂലം അവളുടെ ഇടതുകൈയ്യിലെ മോതിര വിരൽ മുറിച്ചു മാറ്റേണ്ടിവന്നു. കഴിഞ്ഞ 19-ാം തീയതി അവൾക്ക് ശസ്ത്രക്രിയ നടത്തി. ഇനി എന്താണ് സംഭവിക്കുകയെന്ന് ഞങ്ങൾക്കറിയില്ല.
സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവിടുത്തെ സ്റ്റാഫ് ദൃശ്യങ്ങൾ ഒന്നുമില്ലെന്നാണ് പറഞ്ഞത്. യാഥാർഥ്യം മറച്ചുവയ്ക്കാനാണ് ഡെ കെയർ അധികൃതർ ശ്രമിക്കുന്നത്”.

കുട്ടിയുടെ അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ