സെപ്റ്റംബർ 11 ആക്രമണത്തിന്റെ ഇരുപതാം വാർഷികം ആചരിച്ച് യുഎസ്. 2001 സെപ്റ്റംബർ 11 നാണ് യുഎസിലെ വേൾഡ് ട്രെയ്ഡ് സെന്റർ ഇരട്ട ഗോപുരങ്ങൾക്ക് നേർക്ക് ആക്രമണമുണ്ടായത്. അന്ന് 2,977 അമേരിക്കക്കാർ കൊല്ലപ്പെട്ടു. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ആക്രമണങ്ങളിലൊന്നായി സെപ്തംബർ 11 ആക്രമണം വിലയിരുത്തപ്പെടുന്നു.
9/11 ആക്രമണം നടന്ന വേൾഡ് ട്രെയ്ഡ് സെന്റർ നിലനിന്ന ഇപ്പോൾ ഗ്രൗണ്ട് സീറോ എന്നറിയപ്പെടുന്ന പ്രദേശത്ത് അന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 20ാം വാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ബിൽ ക്ലിന്റൺ എന്നിവർ ഗ്രൗണ്ട് സീറോയിലെത്തി അനുസ്മരണച്ചടങ്ങുകളിൽ പങ്കാളികളായി.
അവർ ഓരോരുത്തരും നീല റിബൺ ധരിച്ച് അവരുടെ കൈകൾ നെഞ്ചേട് ചേർത്ത് പിടിച്ചിരുന്നു. സ്മാരകത്തിലൂടെ ഒരു പതാക ജാഥയും കടന്നുപോയി. ആക്രമണങ്ങളിൽ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ വഹിച്ചുകൊണ്ട് നിരവധി പേർ അതിൽ പങ്കാളികളായി.