ഛണ്ഡീഗഡ് : നിർഭയ കേസിലെ പ്രതികൾക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ച് നാളുകൾക്കിപ്പുറം ഹരിയാനയിൽ 89 സ്കൂൾ വിദ്യാർത്ഥിനികളുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. സ്കൂളിന് സമീപത്തെ യുവാക്കളുടെ നിരന്തര പീഡനശ്രമങ്ങളിൽ നിന്ന് സുരക്ഷയൊരുക്കണമെന്ന ആവശ്യവുമായാണ് പെൺകുട്ടികൾ ഒന്നടങ്കം സമരരംഗത്തുള്ളത്.

രെവാരി ഗവ ഹൈസ്കൂളിലെ 86 വിദ്യാർത്ഥിനികളാണ് തദ്ദേശീയരായ യുവാക്കളുടെ അക്രമങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുനന്നത്. സ്കൂളിൽ ഹയർ സെക്കണ്ടറി ക്ലാസുകൾ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹരിയാന ഗവൺമെന്റ് പെൺകുട്ടികൾ ഉന്നയിച്ച ഒരു വാദം അംഗീകരിച്ചു. സ്കൂളിനെ അടുത്ത അദ്ധ്യന വർഷം മുതൽ ഹയർ സെക്കണ്ടറിയാക്കി ഉയർത്താമെന്ന ഉറപ്പാണ് സർക്കാർ വിദ്യാർത്ഥിനികൾക്ക് നൽകിയിരിക്കുന്നത്.

“പെൺകുട്ടികളുടെ ശക്തമായ സമരം പരിഗണിച്ചും, മുഴുവൻ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണമെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിനും വേണ്ടി പെൺകുട്ടികൾ ഉന്നയിച്ച ഹയർ സെക്കണ്ടി സ്കൂൾ എന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നു”വെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശർമ പറഞ്ഞു.

സമരം ചെയ്യുന്ന പെൺകുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് സർക്കാരിന് അതിയായ ആശങ്കയുണ്ടെന്ന് പറഞ്ഞ മന്ത്രി ഇന്ന് തന്നെ സമരം ഒത്തുതീർക്കാനുള്ള ശ്രമത്തിലാണെന്നും വ്യക്തമാക്കി.

“മരിക്കേണ്ടി വന്നാലും ഞങ്ങളീ സമരത്തിൽ നിന്ന് പിന്മാറില്ല. ഒരുപാടധികം പ്രയാസങ്ങൾ ഞങ്ങൾ സ്കൂളിലേക്ക് വരുമ്പോൾ നേരിടുന്നുണ്ട്. അതിനെല്ലാം ഞങ്ങൾക്കൊരു പരിഹാരം കണ്ടെത്തണം. സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് സർക്കാർ പ്രതിനിധികൾ ഇങ്ങോട്ട് വരുന്നത്. ഞങ്ങളുടെ പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും അവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല” സമരത്തിലിരിക്കുന്ന ഒരു പെൺകുട്ടി ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി.

സ്കൂളിലേക്ക് പോകുന്ന പെൺകുട്ടികളെ ബൈക്കിൽ പിന്തുടരുന്ന തദ്ദേശീയരായ യുവാക്കൾ ഇവർക്കെതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയും ശരീരത്തിൽ കടന്നുപിടിക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്നം. സമരത്തിലുണ്ടായിരുന്ന പത്ത് പെൺകുട്ടികളുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

സ്കൂൾ അധികൃതരോട് അടക്കം ഈ പ്രശ്നങ്ങൾ പറഞ്ഞിരുന്നതാണെന്നും എന്നാൽ ആരും ഇത് പരിഹരിക്കാൻ തയ്യാറായില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തിൽ ഉടൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ