ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ തിരഞ്ഞെടുപ്പ് റാലിയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. സ്ഫോടനത്തിൽ പരുക്കേറ്റവരുടെ എണ്ണം 150 ഓളമാണെന്നാണ് കണക്ക്. ആറ് ആശുപത്രിയിലാണ് മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ബലൂചിസ്ഥാൻ അവാമി പാർട്ടിയുടെ സ്ഥാനാർത്ഥി സിറാജ് വിളിച്ചുചേർത്ത യോഗത്തിനിടെയാണ് സ്ഫോടനം നടന്നത്. സിറാജും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.

എട്ട് മുതൽ പത്ത് കിലോഗ്രാം വരെയുളള സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ 120 കടന്നേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രാത്രി കുസ്‌ദാർ മേഖലയിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

ജൂലൈ പത്തിന് നടന്ന പൊട്ടിത്തെറിയിൽ അവാമി നാഷണൽ പാർട്ടി ലീഡർ ഹാറൂൺ അടക്കം 19 പേർ കൊല്ലപ്പെട്ടിരുന്നു. ജൂലൈ ഏഴിന് മുത്തഹിദ-മജ്‌ലിസ്-ഐ-അമൽ പാർട്ടി സ്ഥാനാർത്ഥിയടക്കം ഏഴ് പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിരുന്നു. മുത്തഹിദ-മജ്‌ലിസ്-ഐ-അമൽ പാർട്ടി ഈ തിരഞ്ഞെടുപ്പിന് മുൻപ് ബലൂചിസ്ഥാൻ അമൻ പാർട്ടിയിൽ ലയിച്ചത് ഈയിടെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook