ലണ്ടൻ: പ്രായമേറിയാൽ ഓർമ്മക്കുറവുണ്ടാവുക സ്വാഭാവികം. മറവി രോഗത്തിന്റെ പിടിയിൽ സ്വന്തം പേര് പോലും മറന്നുപോയവരും ഏറെ കാണും. എന്നാൽ അങ്ങിനെയല്ലാത്തൊരാൾക്ക് അമളി പറ്റിയാലോ. ആളുകൾ തലകുത്തി നിന്ന് ചിരിക്കും. ആറ് മൈൽ ദൂരെയുള്ള ആശുപത്രിയിലേക്ക് പോകാനിറങ്ങിയ ആൾ 480 കിലോമീറ്റർ ദൂരെ മറ്റൊരു രാജ്യത്ത് എത്തിച്ചേർന്നാൽ?

ഭാവനാ സമ്പന്നനായി ഒരെഴുത്തുകാരന്റെ രസകരമായ ഒരു നോവലായോ, പുളകം കൊള്ളിക്കുന്ന ഒരു റോഡ് മൂവിയായോ ഇതൊന്ന് സങ്കൽപ്പിച്ച് നോക്കൂ. ഒരിക്കലും മറക്കാത്ത അത്തരമൊരു സംഭവമാണ് ഇംഗ്ലണ്ടിലെ വലരി ജോൺസൺ എന്ന 83 വയസുള്ള മുത്തശിക്ക് സംഭവിച്ചത്.

വോർസെസ്റ്റർഷെയറിലെ വീട്ടിൽ നിന്ന് ആറ് കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്കെത്താൻ കാറിൽ കയറിയ മുത്തശിക്ക് വഴി തെറ്റി ചെന്നെത്തിയതോ  സ്കോട്ലന്റിലും. ദി ഇന്റിപെന്റന്റ് പത്രത്തിലാണ് ഇതേക്കുറിച്ചുള്ള വാർത്ത വന്നത്. വലരി മുത്തശിക്ക് പോകേണ്ടിയിരുന്നത് വീട്ടിൽ നിന്ന് വളരെ അടുത്തുള്ള പീപ്പിൾടൺസ് റോയൽ ആശുപത്രിയിലേക്കായിരുന്നു.

പതിവായി പോകുന്ന വഴിയിലേക്ക് കാർ തിരിച്ച് യാത്ര തുടങ്ങി. അൽപ്പദൂരം ചെന്നപ്പോഴാണ് റോഡിൽ പണി നടക്കുന്നത് കണ്ടത്. വഴി തിരിയുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. എന്നാൽ പീപ്പിൾടൺ ആശുപത്രിയിലേക്ക് മറ്റ് വഴികളും അറിയില്ല. അങ്ങിനെയാണ് പത്ത് മിനിറ്റ് ഡ്രൈവ് ചെയ്ത് എത്തേണ്ട ദൂരം താണ്ടാൻ എട്ട് മണിക്കൂർ നേരം കാറോടിച്ചത്.

വോർസെസ്റ്റർ നഗരമധ്യത്തിലേക്ക് പോകേണ്ടിയിരുന്നതിന് പകരം വടക്കോട്ട് തിരിഞ്ഞാണ് മുത്തശി കാറോടിച്ചത്. തിരിച്ചുള്ള വഴിയും കണ്ടെത്താനാകാതെ ഒടുവിൽ അതിർത്തിയിലാണ് മുത്തശി യാത്ര അവസാനിപ്പിച്ചത്. സ്കോട്‌ലന്റിലെ ലാർക്‌ഷെൽ എന്ന അതിർത്തി നഗരത്തിലെത്തിയപ്പോഴേക്കും കാറിലെ ഇന്ധനവും തീർന്നു.

തനിക്ക് വഴിതെറ്റിയെന്ന കാര്യം പോലും മറന്ന് ആശുപത്രി ലക്ഷ്യമാകി എതിർദിശയിൽ അതിവേഗം കാറോടിക്കുകയായിരുന്നു മുത്തശി. ഈ സമയത്താകട്ടെ അവരുടെ കുടുംബം ആളെ കാണാതെ വിഷമിക്കുകയും ചെയ്തു. 49 വയസ് പ്രായമുള്ള ഇവരുടെ മകൾ കാരൻ ഷെൽ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മെയ് 5 നാണ് മുത്തശിയെ സ്കോട്ലന്റിലുണ്ടെന്ന് കണ്ടെത്തിയത്.

പിന്നീട് വിമാനമാർഗം സ്കോട്‌ലന്റിലെത്തിയ കാരൻ, ഒരു ദമ്പതിമാരുടെ സംരക്ഷണയിൽ കഴിയുന്ന തന്റെ അമ്മയെ കണ്ടെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ചെയ്തു.

ഇന്റിപെന്റന്റ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ, “അമ്മയുടെ അയൽവാസിയാണ് ആശുപത്രിയിൽ പോയ അമ്മ തിരികെ വന്നില്ലെന്ന് അറിയിച്ചത്. അമ്മയ്ക്ക് എന്തോ അപകടം സംഭവിച്ചുവെന്നാണ് ഞാൻ കരുതിയത്,” കാരൻ മസ്കൽ പറഞ്ഞു.

“അമ്മ താമസിക്കുന്ന വീട്ടിൽ എത്തിയ ഉടൻ തന്നെ ഞാൻ പൊലീസിനെ വിളിച്ചു. രാത്രി 11 മണിയോടെ അമ്മയുടെ കാർ പ്രെസ്‌ടൺ ഭാഗത്തേക്ക് ഓടിച്ച് പോകുന്നത് കണ്ടെന്നാണ് പൊലീസ് നൽകിയ വിവരം. അമ്മ മൂന്ന് മൈലിൽ കൂടുതൽ ദൂരം കാറോടിക്കാൻ ആഗ്രഹിക്കാത്ത ആളായതിനാൽ അത് അമ്മ ആയിരിക്കില്ലെന്ന് ഞാൻ പൊലീസിനോട് പറഞ്ഞു. പക്ഷെ അത് അമ്മ തന്നെയായിരുന്നു. ഇതേ തുടർന്നാണ് സ്കോട്ടിഷ് പോലീസിന്റെ സഹായം തേടേണ്ടി വന്നത്,” കാരൻ മസ്കൽ പറഞ്ഞു.

ലാർക്‌ഷെല്ലിൽ വാലരി മുത്തശിക്ക് സംരക്ഷണം നൽകിയ ദമ്പതിമാരുടെ വീടിന് മുന്നിൽ റോഡിന്റെ ഒത്ത നടുവിലാണ് കാർ നിന്നതെന്ന് പൊലീസ് പിന്നീട് പറഞ്ഞു. താൻ വഴിമാറിയെത്തിയതാണെന്നd വാലരി ജോൺസൺ വ്യക്തമാക്കിയതോടെ ദമ്പതികൾ അവിടുത്തെ പൊലീസിനെ വിവരമറിയിച്ചിരുന്നു. പിന്നീട് വെസ്റ്റ് മേഴ്സിയ എന്ന സ്ഥലത്തെ പൊലീസിനെ ബന്ധപ്പെട്ടാണ് കാരൻ മസ്കലിനെ അമ്മ രാജ്യം വിട്ട കാര്യം അറിയിച്ചത്. ഈ സമയത്ത് മുത്തശിക്ക് വൈദ്യ പരിശോധന നടത്താൻ ഒരു ആംബുലൻസും ദമ്പതികൾ വിളിച്ചു വരുത്തിയിിരുന്നു. “സ്കോട്‌ലന്റിലെ ദമ്പതികൾ വളരെ നന്നായി തന്നെ വാലരി ജോൺസണെ നോക്കി”യെന്ന് സെർജന്റ് ജോൺ മക്‌ലീഷ് പറഞ്ഞു.

ഇനി ഈ സംഭവം മറ്റേതെങ്കിലും രണ്ട് രാജ്യങ്ങൾക്കിടയിലാണ് സംഭവിച്ചതെങ്കിലോ? വാലരി മുത്തശി റോഡിൽ കടന്നുപോയ കാഴ്ചകളും സംഭവങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത് എഴുതിയാൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു മുഴുനീള റോഡ് മൂവിക്കുള്ള സകല സാധ്യതകളും ഈ അനുഭവത്തിൽ തന്നെയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ