ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട സമ്പത്തിന്രെ മുക്കാൽ പങ്കും ഒരു ശതമാനം വരുന്ന സമ്പന്നർ കൈക്കലാക്കിയതായി റിപ്പോർട്ട്. പുതിയ സർവേ റിപ്പോർട്ടാണ് ഇന്ത്യയിലെ അതിഭീമമായതും അസ്വസ്ഥമാക്കുന്നതുമായ ഈ സാമ്പത്തിക അന്തരത്തെ കുറിച്ചുളള ചിത്രം പുറത്തുവിട്ടത്.

മുൻവർഷം ഇന്ത്യയിലെ 58 ശതമാനം സമ്പത്താണ് ഒരു ശതമാനം സമ്പന്നരുടെ കൈവശമുണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 72 ശതമാനമായി ഉയർന്നു. ഇത്തവണ ഇന്ത്യയുടെ ഒരു ശതമാനം സമ്പന്നർ അവരുടെ സമ്പത്തിലുണ്ടാക്കിയ വർധനവ് 20.9 ലക്ഷം കോടിയാണ്. ഇത് 2017-18 ലെ കേന്ദ്ര ബജറ്റിന് തുല്യമാണെന്ന് ഓക്സ്ഫാം ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.

ഇതേസമയം ആഗോളതലത്തിൽ സമ്പത്തിന്രെ 82 ശതമാനമവും സമ്പന്നരായ ഒരു ശതമാനത്തിന്രെ പോക്കറ്റിലേയ്ക്കാണ് പോയത്. ലോകത്ത് 2017 ൽ ഉൽപ്പാദിപ്പിക്കപ്പെട്ട സമ്പത്തിലെ ഓരോ അഞ്ച് ഡോളറിൽ നാലും പോയത് സമ്പന്നരായ ഒരു ശതമാനത്തിന്രെ പോക്കറ്റിലേയ്ക്ക്. ഇതേസമയം സമൂഹത്തിലെ പകുതിയിലേറെ വരുന്ന ദരിദ്രർക്ക് ഇതിൽ നിന്നും നയാപൈസ പോലും ലഭിച്ചില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആഗോളതലത്തിൽ ഓക്സ്ഫാം എന്ന സംഘടനയുടെ വാർഷിക റിപ്പോർട്ടിലാണ് 2017 ലെ മൊത്തം സമ്പത്തിന്രെ വളർച്ചയുടെ വിതരണത്തിലെ അസന്തുലിതാവസ്ഥ വ്യക്തമാക്കുന്നത്.

വിവിധ രാഷ്ട്രങ്ങളിലെ ഭരണാധികാരികളും ബിസിനസ് ലോകത്തെ മുൻനിരക്കാരും പങ്കെടുക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്രെ സമ്മേളനം ഈ ആഴ്ച സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കാനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. എങ്ങനെയാണ് ആഗോള തലത്തിൽ നിലനിൽക്കുന്ന സംവിധാനം അതിസമ്പന്നരെ സഹായിക്കുന്നതും ദരിദ്രരെ അവഗണിക്കുന്നതുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ദരിദ്രരുടെ വരുമാനത്തിൽ വെറും ഒരു ശതമാനത്തിന്രെ മാത്രം വർധനവാണ് ഉണ്ടായതെന്നും സർവേ പറയുന്നത്. പട്ടിണിയോട് ദശലക്ഷങ്ങൾ പോരാടുമ്പോൾ സമ്പന്നരുടെ കൈകകളിൽ വൻതോതിൽ സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്ന് ഓക്സഫാമിന്രെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോടീശ്വരന്മാരുടെയും അവരുടെ സമ്പത്തിന്രെയും അഭൂതപൂർവ്വമായ വളർച്ചയാണ് 2017 രേഖപ്പെടുത്തിയത്. 2010 മുതൽ സാധാരണ തൊഴിലാളിയുടെ വരുമാനത്തേക്കാൾ 13 ശതമാനം വർധനവാണ് ഉണ്ടാകുന്നത്.വസ്ത്ര വ്യാപാര രംഗത്തെ വൻശമ്പളം ലഭിക്കുന്ന എക്സിക്യൂട്ടീവിന് ഒരു വർഷം ലഭിക്കുന്ന തുക കിട്ടാൻ മിനിമം കൂലി ലഭിക്കുന്ന തൊഴിലാളി 941 വർഷം ജോലി ചെയ്യേണ്ടി വരും  ഈ പഠനം പറയുന്നത്.

ഇന്ത്യയിൽ 17 പുതിയ കോടീശ്വരന്മാരാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ആകെ 101 കോടീശ്വരന്മാരാണ് ഇന്ത്യയിലുളളത്. ഇവരുടെ സമ്പത്ത് 20.7 ലക്ഷം കോടി രൂപയുടെ വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. മുൻ വർഷം 4.89 ലക്ഷം കോടി രൂപയുടെ വർധന രേഖപ്പെടുത്തിയ സ്ഥലത്താണ് ഇത്. ഈ തുക ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ബജറ്റിന്രെ 85 ശതമാനം വരും. ഇന്ത്യയിലെ 73 ശതമാനം സമ്പത്തും കൈവശമാക്കിയ കോടീശ്വരന്മാരിലെ 37 ശതമാനത്തിന് കുടുംബ സ്വത്തിന്രെ പിൻബലമുണ്ട്. അവരാണ് ആകെ സമ്പത്തിന്രെ 51 ശതമാനം നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ കോടീശ്വരിൽ ആകെ നാല് സ്ത്രീകളാണുളളത്, അതിൽ മൂന്ന് പേരും കുടുംബസ്വത്തുളളവരാണ്.

ഇന്ത്യയുടെ സാമ്പത്തിക വർച്ചയുടെ നേട്ടം ചുരുക്കം ചിലരുടെ കൈകളിലേയ്ക്കാണ് ചെന്നുചേരുന്നത് തുടരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നതായി ഓക്സ്ഫാം ഇന്ത്യയുടെ സിഇഒ നിഷ അഗർവാൾ പറയുന്നു. കോടീശ്വരന്മാർ ഒരു സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ അടയാളമല്ല. എന്നാൽ പരാജയപ്പെടുന്ന സമ്പദ് വ്യവസ്ഥയുടെ സൂചകമാണ്. വളരുന്ന ഈ അന്തരം ജനാധിപത്യത്തെ ദുർബലമാക്കുകയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് വഴിയൊരുക്കുമെന്നും നിഷ അഗർവാൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook