ന്യൂഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സമ്പാദ്യത്തെ കുറിച്ചുളള കണക്കുകള്‍ പുറത്തുവന്നു. അസോസിയേഷന്‍ ഫോര്‍ എന്ന സംഘടന നടത്തിയ പഠനത്തിലാണ് മുഖ്യമന്ത്രിമാരിലെ ധനികരേയും സാധാരണക്കാരനേയും പാവപ്പെട്ടവനേയും തരംതിരിച്ചത്.

177 കോടി രൂപയുടെ സ്വത്തുള്ള ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആണ് ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി. ദരിദ്രനായ മുഖ്യമന്ത്രിയാകട്ടെ സിപിഎം നേതാവായ മാണിക് സര്‍ക്കാര്‍. അദ്ദേഹത്തിന് ആകെയുള്ള സ്വത്ത് വെറും 26 ലക്ഷത്തിന്റേത്. അതായത് മാണിക്ക് സര്‍ക്കാരിനേക്കാള്‍ 680 മടങ്ങ് സ്വത്താണ് നായിഡുവിന്.

അസോസിയേഷന്‍ ഫോര്‍ എന്ന സംഘടന നടത്തിയ പഠനത്തിലാണ് മുഖ്യമന്ത്രിമാരിലെ ഉള്ളവനെയും ഇല്ലാത്തവനെയും തിരിച്ചറിഞ്ഞത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് താരതമ്യേന ഇല്ലാത്തവരുടെ പട്ടികയിലാണ്. 1.07 കോടി രൂപയാണ് പിണറായി വിജയന്റെ സമ്പാദ്യം. അതായത് പട്ടികയില്‍ 26-ാം സ്ഥാനത്ത്.

129 കോടിയുടെ സ്വത്തുള്ള അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് മുഖ്യമന്ത്രിമാരിലെ രണ്ടാമത്തെ ധനികന്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ സ്വത്ത് മൂന്നാമത് വരും-48 കോടി. തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയും കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമെല്ലാം താഴ്ന്ന വരുമാനക്കാരാണ്. മമതയ്ക്ക് വെറും 30 ലക്ഷത്തിന്റെയും മെഹബൂബക്ക് 55 ലക്ഷത്തിന്റെയും സ്വത്ത് മാത്രമാണുള്ളത്.

മുഖ്യമന്ത്രിമാരില്‍ 11 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും ഉണ്ടെന്ന് വിവരങ്ങള്‍ പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് ഇതില്‍ മുമ്പന്‍. അദ്ദേഹത്തിന് 22 കേസുകളാണുളളത്. രണ്ടാം സ്ഥാനത്ത് പിണറായി വിജയനാണ്. 11 ക്രിമിനല്‍ കേസുകളാണ് കേരള മുഖ്യമന്ത്രിയുടെ പേരിലുളളത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ 10 ക്രിമിനല്‍ കേസുകളുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ