ന്യൂഡല്‍ഹി: 81 ലക്ഷം ആധാര്‍ നമ്പറുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ആധാര്‍ എന്‍ റോള്‍മെന്റ് ആന്‍ഡ് അപ്ഡേറ്റ് നിയമത്തിലെ 27, 28 വകുപ്പുകളുടെ ലംഘനത്തിനാണ് ഇത്രയേറെ കാര്‍ഡുകള്‍ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അസാധുവാക്കിയത്. രാജ്യത്തെ 115 കോടി ജനങ്ങള്‍ക്ക് ബയോമെട്രിക് ആധാരമാക്കിയുള്ള 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്കിയിട്ടുണ്ടെന്നാണ് യുഐഡിഎഐയുടെ കണക്ക്. അടുത്തിടെ 11 ലക്ഷം പാന്‍ കാര്‍ഡുകളും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

വ്യക്തികളുടെ ആധാര്‍ നമ്പര്‍ നിലവിലുണ്ടോ എന്നു പരിശോധിക്കാനുള്ള സംവിധാനം യുഐഡിഎഐയുടെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. അതോറിറ്റിയുടെ വെബ്സൈറ്റായ //uidai.gov.in തുറന്നതിന് ശേഷം Aadhaar Servicse ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ നമ്പറും സൈറ്റില്‍ കാണുന്ന സെക്യൂരിറ്റി കോഡും എന്റര്‍ ചെയ്യണം. ആധാര്‍ നമ്പര്‍ നിലവിലുണ്ടെങ്കില്‍ അടുത്ത പേജില്‍ നിങ്ങളുടെ ആധാര്‍ സ്റ്റാറ്റസ് കാണിക്കും.

ആധാര്‍ ഉടമസ്ഥനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഈ പേജില്‍ കാണാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ പേജില്‍ ഉണ്ടാകും. റദ്ദാക്കിയവര്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച് വീണ്ടും അപേക്ഷിച്ചാല്‍ പുതിയ ആധാര്‍ കാര്‍ഡ് ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook