ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

മാര്‍ച്ച് 15 മുതല്‍ മെയ് 9 വരെയുള്ള കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 799 കവര്‍ച്ചാ കേസുകളും 2,682 തട്ടിക്കൊണ്ടുപോകല്‍ കേസുകളും രണ്ട് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടി എംഎല്‍എ ശൈലേന്ദ്ര യാദവ് ലാലായാണ് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്കും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത്.

67.16 ശതമാനം കൊലപാതക കേസുകളിലും 71.12 ശതമാനം ബലാത്സംഗ കേസുകളിലും 52.23 ശതമാനം തട്ടിക്കൊണ്ട് പോകല്‍ കേസുകളിലും നടപടി സ്വീകരിച്ചതായി മന്ത്രി സുരേഷ് കുമാര്‍ ഖന്ന വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലെ കുറ്റകൃത്യങ്ങളുമായി താരതമ്യം ചെയ്തുള്ള വിവരങ്ങള്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ലഭ്യമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ക്രമസമാധാന പാലനത്തില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി വിമര്‍ശിച്ചു. പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook