ന്യൂഡൽഹി: റോട്ടോമാക്ക് ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു.  വിവിധ ബാങ്കുകളിൽ നിന്നും 800 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ വിക്രം കോത്താരി രാജ്യം വിട്ടുവെന്നായിരുന്നു നേരത്തെ ഉയർന്ന അഭ്യൂഹം. വായ്പ തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്ന ബാങ്കുകളുടെ പരാതിയിലാണ് സിബിഐ​ വിക്രം കോത്താരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിക്രം കോത്താരിയുടെ  വീടും സ്ഥാപനങ്ങളും സിബിഐ റെയ്‌ഡ് ചെയ്തു.

വായ്പ തിരിച്ചടയ്ക്കാൻ വേണ്ടി വിദേശ രാജ്യങ്ങളിലുൾപ്പടെ പോകേണ്ടി വരും എന്ന് വിക്രം കോത്താരി പറഞ്ഞിരുന്നു.  800 കോടി രൂപ വായ്പ എടുത്തത് സംബന്ധിച്ച് കേസ് കമ്പനി ലോ ബോർഡിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.  എന്നാൽ 800 കോടി രൂപ വായ്പ എടുത്ത വിക്രം കോത്താരി പലിശ പോലും അടച്ചിട്ടില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. വിവിധ ബാങ്കുകളിൽ നിന്നായിട്ടാണ് വിക്രം കോത്താരി ഇത്രയും തുക വായ്പയായി എടുത്തത്.

യൂണിയൻ ബാങ്കിൽ നിന്ന് 485 കോടിയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയും വായ്പയായി കൈപ്പറ്റിയ ശേഷം മുങ്ങിയെന്നാണ് വിവരം. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്തെന്നും ആണ് ആരോപണം.

കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ല. കാൻപൂർ നഗര മധ്യത്തിലെ ഇദ്ദേഹത്തിന്റെ വസതി അടച്ചിട്ട നിലയിലാണ്. റോട്ടോമാക് പേന നിർമ്മാതാക്കളായ റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരന്റ് കമ്പനിയായ വിക്രം കോത്താരി എന്റർപ്രൈസസിന്റെ പേരിലാണ് വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തത്.

വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ച് മുങ്ങിയതിന് പിന്നാലെയാണ് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 800 കോടിയിലധികം രൂപ വായ്പ വാങ്ങിയ ശേഷം ഒരു രൂപ പോലും അടയ്ക്കാതെ മുങ്ങിയെന്നായിരുന്നു പ്രമുഖ പേന നിർമ്മാതാക്കളായ റോട്ടോമാക്കിന്റെ ഉടമ വിക്രം കോത്താരിക്ക് എതിരെ ആരോപണം ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ