scorecardresearch
Latest News

വെറുമൊരു അന്യഭാഷയല്ല ഈ പഞ്ചാബിക്ക് മലയാളം; എണ്‍പതാം വയസിലും പഠനം തുടര്‍ന്ന് ത്രിലോചന്‍ സിങ്

1998-ല്‍ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനായി കോഴിക്കോട്ടേക്കുള്ള വരവാണു ത്രിലോചന്‍ സിങ്ങിനെ മലയാളവുമായി പ്രണയത്തിലാക്കിയത്. ഡൽഹിയിൽ മലയാളം മിഷന്റെ ക്ലാസ് മുഖേനെ മലയാളം പഠിക്കുന്ന ത്രിലോചന്‍ സിങ്ങിനെക്കുറിച്ച് ഐശ്വര്യ രാജിന്റെ റിപ്പോർട്ട്

malayalam language, Malayalam Mission’s class Delhi, Trilochan Singh, ie malayalam
ത്രിലോചൻ സിങ്| എക്‌സ്‌പ്രസ് ഫൊട്ടോ

ന്യൂഡല്‍ഹി: 24 വര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്നു മടങ്ങുമ്പോള്‍ കൂടെക്കൂട്ടിയതാണു ത്രിലോചന്‍ സിങ് മലയാളത്തെ. ഇന്നിപ്പോള്‍ മലയാളത്തില്‍ ഉപന്യാസങ്ങള്‍ എഴുതാന്‍ വരെ അദ്ദേഹത്തിനു കഴിയും. എണ്‍പതാം വയസിലും മലയാളം പഠനം തുടരുന്ന അദ്ദേഹത്തിന് ഇതൊരു ഹോബിയല്ല, മറിച്ച് ആ ഭാഷയോടുള്ള സ്‌നേഹ പ്രകടനമാണ്. ഇന്നിപ്പോള്‍ ത്രിലോചന്‍ സിങ്ങിന്റെ മയൂര്‍ വിഹാറിലെ വസതിയില്‍ മലയാളം പുസ്തകങ്ങളുടെ ഒരു നിര തന്നെയുണ്ട്.

1998-ല്‍ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിനായി കോഴിക്കോട്ടേക്കുള്ള വരവാണു ത്രിലോചന്‍ സിങ്ങെന്ന പഞ്ചാബിയെ മലയാള ഭാഷയുടെ ആരാധകനാക്കിയത്. മലയാളത്തില്‍ പ്രാവീണ്യം നേടാനുള്ള ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനത്തേക്കുള്ള മടക്കം. മലയാളം മിഷന്‍ ഡല്‍ഹിയില്‍ നടത്തുന്ന കോഴ്‌സുകളിലെ പഠിതാവായ അദ്ദേഹം സി ഗ്രേഡില്‍ എത്തിനില്‍ക്കുകയാണ്. ”എനിക്ക് മലയാളം ഇഷ്ടമാണ്,” മലയാളം മിഷന്റെ ക്ലാസുകളിലെ ഗ്രേഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അദ്ദേഹം ആവേശത്തോടെ പറഞ്ഞു.

ലാഹോറില്‍ ജനിച്ച ത്രിലോചന്‍ സിങ് വിഭജനത്തിനുശേഷം ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ ടെക്നീഷ്യനായിരുന്ന സിങ്, മലയാളത്തിനു മുന്‍പ് തമിഴ് ഭാഷയിലാണ് ആദ്യം ആകൃഷ്ടനായത്. തുടര്‍ന്നാണു കേരളത്തിലെ സൃഹത്ത് വഴി മലയാളത്തിന്റെ വഴിയിലേക്ക് എത്തിയത്.

കോഴിക്കാട്ടുനിന്നു മടങ്ങിയ ത്രിലോചന്‍ സിങ് ഡല്‍ഹിയിലെത്തി ആര്‍ കെ പുരത്തെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്ന് മലയാളം പുസ്തകങ്ങള്‍ വാങ്ങി. എന്നാല്‍ ബാക്കിയുള്ളവ എങ്ങനെ സ്വന്തമാക്കിയെന്നു തനിക്ക് ഓര്‍മയില്ലെന്ന് അദ്ദേഹം പറയുന്നു.

”2017-ലാണ് ഔപചാരിക മലയാളം വിദ്യാഭ്യാസം ആരംഭിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി, ഇടയ്ക്കിടെ ചില മലയാളികളെ ആശ്രയിച്ചു പഠിച്ചു. എന്നാല്‍ ഭാഷ പഠിക്കണമെങ്കില്‍ അതു ശരിയായി പഠിക്കണമെന്ന് എനിക്കു മനസിലായി. ഇപ്പോള്‍ എനിക്ക് മലയാളത്തില്‍ ഉപന്യാസങ്ങള്‍ എഴുതാന്‍ കഴിയും,” തുടക്കക്കാര്‍ക്കുള്ള കോഴ്സില്‍ സി ഗ്രേഡ് ലഭിച്ച ‘സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്’ പ്രദര്‍ശിപ്പിച്ചുകൊണ്ട് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.

തന്റെ വീടിനു സമീപത്തുള്ള സെന്ററിലാണു ത്രിലോചന്‍ സിങ്ങിന്റെ മലയാളം പഠനം. ഞായറാഴ്ചകളില്‍ വൈകിട്ടു നാലു മുതല്‍ 5.30 വരെയാണ് ക്ലാസ്. മലയാളം പഠനത്തിനായി ത്രിലോചന്‍ സിങ്ങ് വളരെ പ്രധാന്യം നല്‍കുന്നുണ്ടെന്നാണു ഭാര്യ നിര്‍മല്‍ കൗര്‍ (72) പറയുന്നത്. പ്രായാധിക്യം കാരണം അദ്ദേഹത്തിനു കേള്‍വിക്കുറവുണ്ടെങ്കിലും അത് പഠനത്തിന് തടസമാകാതിരിക്കാന്‍ ഇരട്ടി പ്രയത്‌നിക്കുന്നതായി അവര്‍ പറഞ്ഞു.

malayalam language, Malayalam Mission’s class Delhi, Trilochan Singh, ie malayalam
ത്രിലോചൻ സിങ്ങും ഭാര്യ നിർമൽ കൗറും| എക്‌സ്പ്രസ് ഫൊട്ടോ

”അദ്ദേഹം വിരമിച്ചശേഷം ഇതില്‍ താല്‍പ്പര്യമുള്ളതില്‍ എനിക്കു സന്തോഷമുണ്ട്. അത്തരമൊരു ഹോബി തിരഞ്ഞെടുക്കുന്നത് അദ്ദേഹത്തിന്റെ ആശയങ്ങളെ വര്‍ധിപ്പിച്ചു. അദ്ദേഹം പഞ്ചാബി അത്ര ആസ്വദിക്കുന്നില്ല. സിഖ് മതത്തിലെ പത്ത് ഗുരുക്കന്മാരുടെ പേരുകള്‍ പോലും അദ്ദേഹത്തിന് ഓര്‍ക്കാന്‍ കഴിയില്ല,” അവര്‍ പറഞ്ഞു.

എന്നാല്‍ തനിക്കു മലയാളം പഠനം വെറുമൊരു ഹോബി അല്ലെന്നാണു ത്രിലോചന്‍ സിങ്ങിന്റെ പക്ഷം.” ഞാന്‍ 2005-ലാണു വിരമിച്ചത്. അതിനു മുന്‍പേ തുടങ്ങിയതാണ് ഈ ഭാഷയോടുള്ള എന്റെ ഇഷ്ടം,” അദ്ദേഹം പറഞ്ഞു.

നേപ്പാളി സഹോദരങ്ങളായ ഹേമന്ത് ഥാപ്പ (16), പ്രേം ഥാപ്പയും (13) പങ്കുവയ്ക്കുന്ന ആവേശം സമാനമാണ്. ”ആറ് വയസുള്ളപ്പോള്‍ ഞാന്‍ മലയാളം മിഷന്‍ ക്ലാസില്‍ ചേര്‍ന്നു. എനിക്കു ധാരാളം മലയാളി സുഹൃത്തുക്കളുണ്ട്. അവര്‍ അവരുടെ മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ആകൃഷ്ടനായിരുന്നു. മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന ഹസ്ത്സല്‍ വികാസ്പുരിയില്‍ താമസിക്കുന്ന ഹേമന്ത് പറഞ്ഞു. ഈ വര്‍ഷമാണ് ഹേമന്തും പ്രേമും ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയതെന്നു വെസ്റ്റ് ഡല്‍ഹിയിലെ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ സാറാ ഐസക് പറഞ്ഞു.

ഹേമന്ത് മലയാളം പഠനമാരംഭിച്ച് മൂന്നു വര്‍ഷത്തിനു ശേഷമാണ് പ്രേം ക്ലാസില്‍ ചേര്‍ന്നത്. ഇരുവരും ക്ലാസുകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നതായി ഹേമന്ത് പറഞ്ഞു. ഹേമന്തിന്റെ മലയാളി ട്യൂഷന്‍ അധ്യാപകനാണ് പദ്ധതിയെക്കുറിച്ച് തങ്ങളെ അറിയിച്ചതെന്ന് അവരുടെ പിതാവ് ഭരത് ഥാപ്പ പറഞ്ഞു.

malayalam language, Malayalam Mission’s class Delhi, Trilochan Singh, ie malayalam
ഹേമന്ത് ഥാപ്പയും പ്രേം ഥാപ്പയും| എക്‌സ്‌പ്രസ് ഫൊട്ടോ

”എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാരണം ഇതോടെ, മക്കള്‍ക്കു നേപ്പാളി, ഹിന്ദി, ഇംഗ്ലിഷ്, മലയാളം എന്നീ നാല് ഭാഷകളില്‍ സ്വാധീനമുണ്ടാവും. ഞങ്ങള്‍ കേരളം സന്ദര്‍ശിച്ചിട്ടില്ല. സംസ്ഥാനവുമായി ഒരു ബന്ധവുമില്ല. എന്നെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

ക്ലാസുകളില്‍ എന്താണ് ഇഷ്ടമെന്ന ചോദ്യത്തിന്, ഈ വര്‍ഷത്തെ ഓണാഘോഷം ആഹ്ലാദകരമായിരുന്നുവെന്ന് ഹേമന്ത് പറഞ്ഞു. ”ഒരുപാട് നാളുകള്‍ക്കുശേഷം സദ്യ കഴിച്ചു. ഞങ്ങള്‍ മലയാളം പാട്ടുകള്‍ പാടി. നല്ല ദിവസമായിരുന്നു,” അവന്‍ പറഞ്ഞു.

2005-ലാണു കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ 10 വര്‍ഷത്തെ മലയാളം മിഷന്‍ കോഴ്സ് ഡല്‍ഹിയില്‍ ആരംഭിച്ചത്. കോഴ്‌സ രാജ്യതലസ്ഥാനത്ത് വിജയമായതോടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മലയാളം പഠിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തു. 2009-ല്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണു പദ്ധതി ഉദ്ഘാടനം ചെയ്തത്.

നിരവധി മലയാളി കുട്ടികളും കേരളത്തില്‍ വേരുകളുള്ള ഏതാനും മുതിര്‍ന്നവരും ഒഴികെ വ്യത്യസ്ത പശ്ചാത്തലത്തില്‍നിന്നു ത്രിലോചന്‍ സിങ്ങും ഹേമന്ത് ഥാപ്പയും പ്രേം ഥാപ്പയും മാത്രമാണു കോഴ്‌സില്‍ ചേര്‍ന്നത്.

”അവര്‍ വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. ത്രിലോചന്‍ സിങ്ങിനെപ്പോലെയുള്ള ഒരാള്‍ക്ക് തന്റെ പ്രായത്തിലും വ്യത്യസ്തമായ ഒരു ഭാഷ പഠിക്കാന്‍ ഇപ്പോഴും അത്തരം അഭിനിവേശമുണ്ട് എന്നതു രസകരമാണ്,” ഡല്‍ഹിയിലെ മലയാളം മിഷന്‍ ജോയിന്റ് സെക്രട്ടറി എന്‍ വി ശ്രീനിവാസന്‍ പറഞ്ഞു.

മലയാളം പഠനത്തിനായി നാലു തരം കോഴ്‌സുകളാണു മലയാളം മിഷന്‍ നടത്തുന്നത്. തുടക്കക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് (രണ്ടു വര്‍ഷം), ഡിപ്ലോമ കോഴ്സ് (രണ്ടു വര്‍ഷം), ഹയര്‍ ഡിപ്ലോമ കോഴ്സ് (മൂന്നു വര്‍ഷം), സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സ് (മൂന്നു വര്‍ഷം) എന്നിവയാണ് അവ. അക്ഷരമാല, മലയാളത്തിലുള്ള വായനയും എഴുത്തും പ്രദാനം ചെയ്യുന്നതാണു സര്‍ട്ടിഫിക്കറ്റ് കോഴ്സ്്. ഡിപ്ലോമ കോഴ്സിന് ഉപന്യാസങ്ങളും കഥകളും എഴുതുന്നതു പോലുള്ള വിപുലമായ കഴിവുകള്‍ ആവശ്യമാണ്.

ത്രിലോചന്‍ സിങ്ങിന്റെയും ഥാപ സഹോദരങ്ങളുടെയും മലയാളം പഠനം വര്‍ഷങ്ങള്‍ നീണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സിങ്ങിനു രണ്ടാത്തെ പരീക്ഷയില്‍ പാസാകാന്‍ കഴിഞ്ഞില്ല. ”ഇത്തവണ ഡി ഗ്രേഡാണു കിട്ടിയത്. അടുത്ത വര്‍ഷം വീണ്ടും പരീക്ഷയെഴുതണം. എഴുതേണ്ടിയിരുന്ന കഥയുമായി മുന്നോട്ടുപോകാനായില്ല. സമയത്തിനു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു മാര്‍ക്കിന് പരാജയപ്പെട്ടു,” അദ്ദേഹം പറഞ്ഞു. ഇതുകേട്ടതോടെ നിര്‍മല്‍ കൗര്‍ ഭര്‍ത്താവിന് ആത്മവിശ്വാസം പകര്‍ന്നു: ‘ഇത്രയും ദൂരമെത്തിയില്ലേ, അടുത്ത തവണ തീര്‍ച്ചയായും നിങ്ങള്‍ പാസാകും, തളരരുത്.”

തയാറാക്കിയത്: ഐശ്വര്യ രാജ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 80 year old punjabi obsessed with malayalam