മാംഗ്രോപ്: ദുര്‍മന്ത്രവാദിയെന്നാരോപിച്ച് 80 വയസുകാരിയെ വീട്ടില്‍ പൂട്ടിയിട്ടു. രാംകന്യാ ദേവിയെന്ന വൃദ്ധ സ്ത്രീ ജനലുകള്‍ പോലുമില്ലാത്ത മുറിക്കുള്ളില്‍ കഴിഞ്ഞത് 18 ദിവസമാണ്. 60ഓളം ജാട്ട് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് രാംകന്യാ ദേവിയുടേതു മാത്രമാണ് നയി(മുട്ടിവെട്ടുന്ന സമുദായത്തില്‍ പെട്ടവര്‍) കുടുംബം. രാംകന്യാ ദേവി ദുര്‍മന്ത്രവാദിയാണെന്ന ആരോപണം ജാട്ട് സമുദായക്കാരുടേതായിരുന്നു. രാജസ്ഥാനിലാണ് സംഭവം നടന്നത്.

സംഭവം അറിഞ്ഞ ജില്ലാ അധികാരികളാണ് വീട്ടിലെത്തിയ ഇവരെ രക്ഷപ്പെടുത്തിയത്. നാലു മക്കളാണ് ഇവര്‍ക്കുള്ളത്. ഐസിയുവില്‍ കിടന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, മുഖത്ത് വെളിച്ചം തട്ടാതിരിക്കാന്‍ അവര്‍ സാരിയുടെ തുമ്പുകൊണ്ട് മുഖം മറയ്ക്കുകയായിരുന്നു. അത്രയും നാള്‍ വെളിച്ചമില്ലാത്ത മുറിയിലായിരുന്നു ഈ വൃദ്ധസ്ത്രീ താമസിച്ചിരുന്നത്.

താന്‍ ഒരു ദുര്‍മന്ത്രവാദിയല്ലെന്നും കഴിഞ്ഞതു കഴിഞ്ഞെന്നും പറഞ്ഞ രാംകന്യാ ദേവി മാധ്യമങ്ങളോട് സംസാരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചു. ഇവര്‍ താമസിക്കുന്ന തെരുവിനടുത്തുള്ള സ്‌കൂളിലാണ് ജാട്ട് സമുദായത്തില്‍ പെട്ട പൂജ എന്ന പെണ്‍കുട്ടി പഠിക്കുന്നത്. പൂജ രോഗബാധിതയായപ്പോള്‍ വീട്ടുകാര്‍ പ്രദേശത്തെ ഒരു വൈദ്യനെ സമീപിച്ചു. ദുര്‍മന്ത്രവാദിയുടെ ശക്തിയെ തുടര്‍ന്നാണ് പൂജയ്ക്ക് അസുഖം വന്നതെന്ന് വൈദ്യന്‍ വീട്ടുകാരോടു പറഞ്ഞു. ഇതേ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍.

രാംകന്യാ ദേവി ഗ്രാമത്തിലെ, പ്രസവശുശ്രൂഷ നടത്തുന്ന ആളായിരുന്നെന്നും എല്ലാവര്‍ക്കും അവരെ വളരെ ഇഷ്ടമായിരുന്നെന്നും ഇവരുടെ സഹോദരിയായ സുഗുണ പറയുന്നു. ഗ്രാമീണര്‍ ഇവരെ അമ്മ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ 10 വര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു അപകടം സംഭവിക്കുകയും അതേ തുടര്‍ന്ന് ജോലികളില്‍ അല്‍പം പതുക്കെയാകുകയും ചെയ്തു. ജാട്ട് സമുദായക്കാര്‍ വീട്ടില്‍ കയറിവന്ന് തങ്ങളെ ഉപദ്രവിച്ചെന്ന് ഇവരുടെ മകളും പറയുന്നു.

പൂജയുടെ ബന്ധുക്കളായ ശിവരാജ്, സുനില്‍ ജാട്ട് എന്നിവര്‍ക്കെതിരെ മാംഗ്രോപ് പൊലീസ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ