ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കൂട്ടബലാത്സത്തിന് ഇരയായ എട്ടുവയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികിത്സയില്‍. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും കുറ്റക്കാരെന്നു സംശയിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
കുറ്റക്കാരായ അജ്ഞാതര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന് പൊലീസിനു നോട്ടിസ് നല്‍കിയിരുന്നു. നോട്ടിസ് ലഭിച്ചതു സ്ഥിരീകരിച്ച പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി ഐസിയുവില്‍ ‘ജീവനുവേണ്ടി പോരാടുകയാണെ’ന്ന് കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു.
സുഹൃത്തിനൊപ്പം കളിക്കാനായി തിങ്കളാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയ കുട്ടിയെ രണ്ടു പേര് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വീട്ടിലേക്കു മടങ്ങിയ കുട്ടി കടുത്ത വയറുവേദനയുള്ളതായി പരാതിപ്പെട്ടു. പരുക്കേറ്റ് രക്തം വാര്‍ന്നതായി മാതാപിതാക്കള്‍ കണ്ടെത്തിയതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Also Read: തെളിയുമോ ഗൂഢാലോചന? ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാന മണിക്കൂറുകളിലേക്ക്
”കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവുകളുണ്ട്. ധാരാളം രക്തസ്രാവം സംഭവിച്ചു. ഇതൊരു കൂട്ട ബലാത്സംഗമാണ്. അവളുടെ മാതാപിതാക്കള്‍ ഞങ്ങളുടെ ഹെല്‍പ്പ് ലൈനില്‍ വിളിച്ചിരുന്നു,” ഡല്‍ഹി വനിതാ കമ്മിഷന് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്യാനും എഫ്ഐആറിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കമ്മിഷന് പൊലീസിനോട് ആവശ്യപ്പെട്ടു.
”എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. സ്വകാര്യഭാഗങ്ങളില്‍ ഗുരുതര പരുക്കേറ്റതിനെത്തുടര്‍ന്ന് ഐസിയുവില്‍ ജീവനുവേണ്ടി പോരാടുന്ന അവള് സങ്കല്പ്പിക്കാന് കഴിയാത്ത വേദനയാണ് അനുഭവിക്കുന്നത്. ഒരു എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്യുന്നവര്‍ മനുഷ്യരല്ല. കുറ്റക്കാര്‍ക്ക് ഏറ്റവും ശക്തമായ ശിക്ഷ ലഭിക്കണം,” സ്വാതി മലിവാള്‍ പറഞ്ഞു,
വനിതാ കമ്മിഷന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും പരാതിയില്‍ കേസെടുത്തതായി ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണു രണ്ടു പേരെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.