ലക്‌നൗ: ഉത്തര്‍പ്രദേശിലെ മാധുരയില്‍ പൊലീസും കൊളളസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ എട്ട് വയസുകാരന്‍ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ലക്‌നൗവില്‍ നിന്നും 450 കി.മി. അകലെയാണ് സംഭവം നടന്നത്. കവര്‍ച്ചാ സംഘവുമായുളള ഏറ്റുമുട്ടലിനിടെയാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ ഭാഷ്യം.

കവര്‍ച്ചക്കാരില്‍ നിന്നാണോ പൊലീസില്‍ നിന്നാണോ കുട്ടിക്ക് വെടിയേറ്റതെന്ന് വ്യക്തമല്ല. കവര്‍ച്ചാ സംഘം സ്ഥലത്ത് ഒളിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുറ്റവാളികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് നിരത്തി നിര്‍ത്തി വെടിവയ്ക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പൊലീസ് ഇത് നിഷേധിച്ചിട്ടുണ്ട്.

സ്ഥലത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിക്കാണ് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്തതായും കുട്ടിയുടെ മാതാപിതാക്കള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായും പൊലീസ് അറിയിച്ചു. ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് 900ത്തോളം ഏറ്റുമുട്ടലുകളിലായി 32 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ