വനിതാ ദിനമായ മാർച്ച് എട്ടിന് കരുത്തുള്ള ഏതെങ്കിലും സ്ത്രീകളായിരിക്കും തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. #SheInspiresUs എന്ന ഹാഷ്ടാഗോടെയാണ് ഈ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്. ഇതിനായി തിരഞ്ഞെടുത്ത, മണിപ്പൂരിലെ കാലാവസ്ഥാ പ്രവർത്തകയായ ലിസിപ്രിയ കംഗുജം എട്ടു വയസുകാരി മോദി നൽകിയ അവസരം നിരസിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മാതൃകയാക്കിയ പെണ്‍കുട്ടിയാണ് ലിസിപ്രിയ കംഗുജം.

Read More: മോദി സർക്കാർ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു: പ്രകാശ് ജാവദേക്കർ

തങ്ങള്‍ക്ക് പ്രചോദനമായ സ്ത്രീകളില്‍ ഒരാളാണ് ലിസിപ്രിയ കംഗുജം എന്ന് MyGovIndia ട്വീറ്റ് ചെയ്‍തിരുന്നു. “ലിസിപ്രിയ മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയാണ്. 2019 -ല്‍ അവള്‍ ഡോ. എപിജെ അബ്‍ദുള്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്. കൂടാതെ ലോക ശിശു സമാധാന സമ്മാനം, ഇന്ത്യാ സമാധാന സമ്മാനം എന്നിവയ്‍ക്കും അര്‍ഹയായിട്ടുണ്ട്. അവര്‍ പ്രചോദനമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? അവളെപ്പോലെ ആരെയെങ്കിലും നിങ്ങള്‍ക്കറിയാമോ? ഞങ്ങളെ അറിയിക്കൂ,” ഹാഷ് ടാഗ് #SheInspiresUs എന്നായിരുന്നു ട്വീറ്റ്.

എന്നാൽ 2019 ജൂലൈയിൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച ലിസിപ്രിയ, ഈ അവസരം നിഷേധിക്കുകയായിരുന്നു. “പ്രിയപ്പെട്ട മോദി ജി, നിങ്ങളെന്റെ ശബ്ദം കേൾക്കാൻ പോകുന്നില്ലെങ്കിൽ ദയവായി എന്നെ ആഘോഷിക്കരുത്. #SheInspiresUs എന്ന ക്യാംപെയിനിന്റെ ഭാഗമായി രാജ്യത്തെ പ്രചോദനമായി മാറിയ സ്ത്രീകളുടെ കൂട്ടത്തില്‍ എന്നെക്കൂടി തിരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഏറെ ചിന്തിച്ചശേഷം ഈ അംഗീകാരം നിരസിക്കാൻ ഞാൻ തീരുമാനിച്ചു. ജയ് ഹിന്ദ്,” ലിസിപ്രിയ ട്വീറ്റിന് മറുപടി നൽകി.

സർക്കാർ തരുന്ന അംഗീകാരത്തെ ഒട്ടും കുറച്ചുകാണുന്നില്ലെന്നും എന്നാൽ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള അവളുടെ ആവശ്യങ്ങൾ ഇവരുടെ ചെവികളിൽ എത്തുന്നില്ലെന്നും ലിസിപ്രിയ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

“അവരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല ക്യാംപെയ്ൻ ആയിരിക്കാം. പക്ഷേ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ ഇതിനൊന്നും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഒരു തവണ മുഖം കഴുകുമ്പോൾ ഒലിച്ചു പോകുന്ന ഒരു ഫെയർനെസ് ക്രീം മുഖത്തു പുരട്ടുന്നത് പോലെയേ ഉള്ളൂ ഇത്,” അവർ കൂട്ടിച്ചേർത്തു. “പകരം, അദ്ദേഹം (മോദി) കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി കാണുകയും എന്റെയും നമ്മുടെ നേതാക്കളുടെയും ശബ്ദം കേൾക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” ലിസിപ്രിയ പറഞ്ഞു.

Read in English: ‘Like a fairness cream which won’t last’: 8-year-old climate activist turns down PM Modi’s #SheInspiresUs honour

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook