ന്യൂഡൽഹി: എട്ടു മാസം പ്രായമുളള പെൺകുഞ്ഞിനെ 28 കാരനായ യുവാവ് ബലാൽസംഗം ചെയ്തു. മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്.

രക്തം വാർന്നൊഴുകുന്ന നിലയിൽ ശരീരം നിറയെ മുറിവുകളുമായി ഞായറാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ ഡൽഹിയിലെ സുഭാഷ് നഗറിലാണ് കുട്ടിയുടെ മാതാപിതാക്കൾ താമസിക്കുന്നത്. മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് ബലാൽസംഗം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ”ഞാൻ ജോലിക്കു പോയി. അതുകഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയും പുറത്തുപോയി” കുട്ടിയുടെ അച്ഛൻ പറഞ്ഞു. കുട്ടിയെ ആ കെട്ടിടത്തിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലാക്കി.

കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് കരയുന്നതുകേട്ടത്. നോക്കിയപ്പോൾ കട്ടിലിൽ നിറയെ ചോരയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടി ബലാൽസംഗത്തിന് ഇരയായതായി വ്യക്തമായത്.

സംഭവത്തിൽ ബന്ധുവിനെ സംശയിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്. കളിപ്പിക്കാനാണെന്നു പറഞ്ഞ് ഇയാൾ കുട്ടിയെ എടുത്തുകൊണ്ടുപോയതായും കുടുംബം ആരോപിച്ചു. ഒരു കുട്ടിയുടെ പിതാവ് കൂടിയാണ് ഇയാൾ.

”മനുഷ്യരാശിക്ക് തന്നെ നാണക്കേടാണ് അയാൾ. ഒരു കുഞ്ഞിന്റെ അച്ഛനായിട്ടുകൂടിയാണ് അയാൾ ഇത് ചെയ്തത്”, ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ