ബെൽഗ്രേഡ്: ബെൽഗ്രേഡിന് തെക്ക് മ്ലാഡെനോവാക് പട്ടണത്തിലുണ്ടായ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. അക്രമിയെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബെൽഗ്രേഡിലെ സ്കൂളിൽ പതിമൂന്നുകാരന്റെ വെടിയേറ്റ് ഒൻപതു പേർ കൊല്ലപ്പെട്ട് 48 മണിക്കൂർ പിന്നിടുന്നതിനു മുൻപേയാണ് പുതിയ സംഭവം.
മ്ലാഡെനോവാക്കിനടുത്തുള്ള ഒരു സ്കൂൾ മുറ്റത്തുണ്ടായ തർക്കത്തിനുശേഷം തോക്കുമായി മടങ്ങിയെത്തിയ അക്രമി ഓടുന്ന കാറിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമം പറയുന്നു. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസുകാരനും അദ്ദേഹത്തിന്റെ സഹദരിയും ഉൾപ്പെട്ടതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ആർടിഎസ് റിപ്പോർട്ട് ചെയ്തു. 21 വയസ്സുള്ള അക്രമിക്കായി എലൈറ്റ് സ്‌പെഷ്യൽ ആന്റി ടെററിസ്റ്റ് യൂണിറ്റും (എസ്‌എജെ) ജെൻഡർമേരിയും ഉൾപ്പെടെ 600-ഓളം സെർബിയൻ പൊലീസ് തിരച്ചിൽ ആരംഭിച്ചുവെന്ന് ആർടിഎസ് റിപ്പോർട്ട് ചെയ്തു.
തീവ്രവാദികളാണ് വെടിവയ്പിനു പിന്നിലെന്ന് ഇന്റീരിയർ മന്ത്രി ബ്രാറ്റിസ്ലാവ് ഗാസിക ആരോപിച്ചതായി സെർബിയൻ വാർത്താ പോർട്ടലായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച ബെൽഗ്രേഡിലെ സ്കൂളിലുണ്ടായ വെടിവയ്പിനെത്തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. സ്കൂളിൽ ഹിസ്റ്ററി ക്ലാസ് നടക്കുന്നതിനിടെ പിതാവിന്റെ രണ്ടു തോക്കുകളുമായെത്തിയ പതിമൂന്നുകാരനായ വിദ്യാർത്ഥി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ എട്ടു വിദ്യാർത്ഥികളും ഒരു സുരക്ഷാ ജീവനക്കാരനും അടക്കം ഒൻപതു പേരാണ് കൊല്ലപ്പെട്ടത്.