ന്യൂഡല്‍ഹി: എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ ഖത്തറിൽ കസ്റ്റഡിയില്‍. ഖത്തരി എമിരി നേവിക്കു പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന കമ്പനിയുമായി ചേർന്ന് ഖത്തറിൽ ജോലി ചെയ്യുന്നവരാണു ദോഹയിൽ കസ്റ്റഡിയിലായത്.
സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. @DrMeetuBhargava എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് ഇതു സംബന്ധിച്ച് ട്വീറ്റ് വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ദോഹയില്‍ 57 ദിവസമായി മുന്‍ ഉദ്യോഗസ്ഥര്‍ അനധികൃത കസ്റ്റഡിയിലാണെന്നായിരുന്നു ട്വീറ്റ്.
ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി കേന്ദ്ര മന്ത്രിമാരെ ടാഗ് ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ ഇവരിൽ ഉള്‍പ്പെടുന്നു.
ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു നാവികസേനാ മുന്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നതെന്നാണു വിവരം. ഖത്തര്‍ പ്രതിരോധ സുരക്ഷാ ഏജന്‍സികളുടെ പ്രദേശിക പങ്കാളിയായാണ് കമ്പനി അറിയപ്പെടുന്നത്.
കമ്പനിയുടെ സി ഇ ഒ ഖാമിസ് അല്‍ അജ്മി റോയല്‍ ഒമാന്‍ എയര്‍ ഫോഴ്സിന്റെ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു.
കസ്റ്റഡിയിലായ എട്ട് പേരില്‍ കമ്പനിയുടെ എം ഡിയായ കമാന്‍ഡര്‍ പൂര്‍ണേന്ദു തീവാരിയും ഉള്‍പ്പെടുന്നു. 2019 ല്‍, അന്നത്തെ പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതിയ സമ്മാന്‍ പുരസ്കാരം ഏറ്റുവാങ്ങിയ ആളാണു പൂര്‍ണേന്ദു.
എന്ത് കാരണത്താലാണ് എട്ട് പേരെയും കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമല്ല. ഈ മാസം ആദ്യം ദോഹയിലെ ഇന്ത്യൻ മിഷന്റെ ഉദ്യോഗസ്ഥർ ഇവര്‍ക്ക് കോൺസുലർ സന്ദർശനം അനുവദിച്ചതായാണ് ലഭിക്കുന്ന വിവരം.
വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.