ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിയമിതരായ ഹൈക്കോടതി ജഡ്ജിമാരിൽ 79 ശതമാനവും ഉയർന്ന ജാതിയിൽ നിന്നുള്ളവര്‍ (ജെനറല്‍ വിഭാഗം). ഇക്കാര്യം കേന്ദ്ര നിയമ മന്ത്രാലയം പാർലമെന്ററി നിയമ-നീതി സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു.
ബിജെപി എംപി സുശീൽ മോദി അധ്യക്ഷനായ സമിതിക്ക് മുമ്പാകെ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് ഇത് സംബന്ധിച്ച് വിശദമായ പ്രെസന്റേഷന് അവതരിപ്പിച്ചെന്നാണ് വിവരം.

2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ 537 ജഡ്ജിമാരാണ് ഹൈക്കോടതികളില്‍ നിയമിതരായത്. ഇതില്‍ 79 ശതമാനം പേരും ജെനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 11 ശതമാനം മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (ഒബിസി) നിന്നും 2.6 ശതമാനം ന്യൂനപക്ഷങ്ങളില്‍ നിന്നുമാണ്. എസ് സി, എസ് ടി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം യഥാക്രമം 2.8, 1.3 ശതമാനം മാത്രമാണ്. 20 പേരുടെ സാമൂഹിക പശ്ചാത്തലം കണ്ടെത്താന്‍ മന്ത്രാലയത്തിന് സാധിച്ചില്ല.
2018-ൽ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ജഡ്ജിമാരോട് സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 2022 മാർച്ചിൽ രാജ്യസഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു, ” ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാർ സാമൂഹിക വൈവിധ്യത്തിന് പ്രതിജ്ഞാബദ്ധമാണ്” എന്ന് വ്യക്തമാക്കിയിരുന്നു.
“ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള നിർദേശങ്ങൾ അയയ്ക്കുമ്പോൾ ജഡ്ജിമാരുടെ സാമൂഹിക വൈവിധ്യം ഉറപ്പാക്കുന്നതിന് പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരിൽപ്പെട്ട യോഗ്യതയുള്ളവര്‍ക്ക് അർഹമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് അഭ്യർത്ഥിക്കുന്നു,” റിജിജു പറഞ്ഞു.
ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനം ഭരണഘടനയുടെ 217-ാം അനുച്ഛേദം പ്രകാരമാണ്. എന്നിരുന്നാലും, കൊളീജിയം സംവിധാനം രൂപികരിക്കുന്നതിന് വഴിവച്ച 1993-ലെ കേസ് (സെക്കന്‍ഡ് ജഡ്ജസ് കേസ്) നിയമനങ്ങള്‍ക്കുള്ള ശുപാര്‍ശ നല്കുമ്പോള് പ്രാതിനിധ്യത്തിന് ഉന്നല്‍ നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു.
“നമ്മുടെ ജനാധിപത്യ സംവിധാനം ഏതെങ്കിലും സ്വയം ശാശ്വത പ്രഭുത്വത്തിന് വേണ്ടി മാത്രമല്ല, രാജ്യത്തെ എല്ലാ ജനങ്ങൾക്കുമുള്ളതാണ്. ദുർബല വിഭാഗത്തെ പൂർണമായും അവഗണിക്കുകയാണെങ്കിൽ, യഥാർത്ഥ പങ്കാളിത്ത ജനാധിപത്യം കൈവരിച്ചതായി അവകാശപ്പെടാനാവില്ല,” കോടതി ചൂണ്ടിക്കാണിച്ചു.