ബെംഗളൂരു: രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ച കർണാടക സ്വദേശിയോട് അടുത്തിടപഴകിയവരെ ക്വാറന്റൈൻ ചെയ്തു. കൽബുർഗി സ്വദേശിയായ ആളാണ് ബുധനാഴ്ച കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇന്ത്യയിലെ ആദ്യ കൊറോണ മരണം കൂടിയാണ് ഇത്. ഹൈദരാബാദിൽ നിന്ന് ജന്മനാടായ കൽബുർഗിയിലേക്കുള്ള യാത്രാമധ്യേയാണ് 76 കാരനായ ഇദ്ദേഹം മരിച്ചത്.
ഇദ്ദേഹം അറേബ്യയിൽ ഒരു മാസം നീണ്ടുനിന്ന തീർത്ഥാടനത്തിന് ശേഷം മടങ്ങിയെത്തിയതായിരുന്നു എന്നും ഇദ്ദേഹത്തിന് ആസ്തമ, രക്തസമ്മർദ്ദം എന്നിവ ഉണ്ടായിരുന്നുവെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. തെലങ്കാനയിൽ ഇദ്ദേഹം ചികിത്സ തേടിയതു മുതൽ തെലങ്കാന സർക്കാരിനെ വിവരമറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Read More: രാജ്യത്ത് ആദ്യ കോവിഡ് മരണം കർണാടകയിൽ
ഇദ്ദേഹം മാർച്ച് അഞ്ചിനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബുധനാഴ്ച മരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരേയും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 29 ന് സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതാണ് ഇദ്ദേഹം.
മാർച്ച് ഒൻപതിന് കൽബുർഗിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ മുതലാണ് ഇദ്ദേഹത്തിൽ കോവിഡ് 19ന്റെ ലക്ഷണങ്ങൾ രൂക്ഷമായതെന്ന് അധികൃതർ പറഞ്ഞു. അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ രക്ത സാമ്പിൾ കൽബുർഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ശേഖരിച്ച് ബാംഗ്ലൂർ മെഡിക്കൽ കോളേജിലേക്കും ഗവേഷണ സ്ഥാപനത്തിലേക്കും അയച്ചു.
“പരിശോധനാ ഫലങ്ങൾ വരുന്നതിന് മുമ്പേ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവർ ഡിസ്ചാർജ് ആവശ്യപ്പെടുകയും ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. കൽബുർഗി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശപ്രകാരം ജില്ലാ ആരോഗ്യ ഓഫീസർ രോഗിയുമായി അടുത്തിടപഴകിയവരെ സന്ദർശിച്ച് അദ്ദേഹത്തെ ജിഐഎംഎസിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ വിസമ്മതിച്ചു. ആരോടും പറയാതെ അവർ അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു,” കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“രോഗിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പിന്നീട് ഡിസ്ചാർജ് ചെയ്തു. മാർച്ച് 11 ന് കൽബുർജിഗിയലെ ജിംസിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരിച്ചു,”പ്രസ്താവനയിൽ പറയുന്നു.