ന്യൂഡൽഹി: രാജ്യത്ത് പുതിയ കോവിഡ് വകഭേദമായ എക്സ്ബിബി 1.16 ന്റെ 76 സാമ്പിളുകൾ കണ്ടെത്തിയതായി കണക്കുകൾ ഇൻസാകോഗ് (INSACOG) ഡാറ്റ. കർണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡൽഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചൽ പ്രദേശ് (1), ഒഡീഷ (1) എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതെന്ന് ഇന്ത്യൻ സാർസ്-കോവ്-2 ജെനോമിക്സ് കൺസോർഷ്യത്തിന്റെ ഡാറ്റ കാണിക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് പുതിയ കോവിഡ് വകഭേദം രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അന്ന് രണ്ടു സാമ്പിളുകൾ പോസിറ്റീവായിരുന്നു. മാർച്ച് 15 വരെ 15 സാമ്പിളുകൾ പോസിറ്റീവായതായി ഇൻസാകോഗ് പറയുന്നു.
അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 800 കടന്നു. ശനിയാഴ്ച 841 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സജീവ കേസുകളുടെ എണ്ണം 5,389 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ.
രാജ്യത്തെ പ്രതിദിന ശരാശരി കോവിഡ് കേസുകളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം 112 ആയിരുന്നത് ഈ മാസം 626 ആയിട്ടുണ്ട്. അതേസമയം, രോഗമുക്തി നിരക്ക് 98.80 ശതമാനമാണ്. പുതിയ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന തമിഴ്‌നാട്, തെലങ്കാന, കേരളം, കർണാടക, മഹാരാഷ്ട്ര , ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. മതിയായ പരിശോധനകൾ നടത്താനും പുതിയ ക്ലസ്റ്ററുകളും ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളും നിരീക്ഷിക്കാനും രാജ്യാന്തര യാത്രക്കാരുടെ സാമ്പിളുകൾ, സെന്റിനൽ സൈറ്റുകൾ, ക്ലസ്റ്ററുകൾ എന്നിവ ജീനോമിക് സീക്വൻസിങ്ങിനായി അയയ്ക്കാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യാഴാഴ്ച അയച്ച കത്തിൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുൻകരുതൽ ഡോസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആളുകൾ കോവിഡിന് സുരക്ഷാ മുൻകരുതൽ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും നടപടികൾ കൈക്കൊള്ളാനും രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിൽനിന്നും ഗുജറാത്തിൽനിന്നും റീകോമ്പിനന്റ് വേരിയന്റായ എക്സ്ബിബിയുടെ ഒരു ഉപ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതായി കത്തിൽ പറയുന്നു. ബിഎ.2.10.1, ബിഎ.2.75 എന്നീ രണ്ട് ഒമിക്രോൺ ഉപവകഭേദങ്ങൾ സംയോജിച്ചതാണ് എക്സ്ബിബി. ഫെബ്രുവരി പകുതി മുതൽ ശേഖരിച്ച എല്ലാ സാമ്പിളുകളിലും റീകോമ്പിനന്റ് വേരിയന്റ് എക്സ്ബിബി കണ്ടെത്തി. ബിഎ.2.75, ബിഎ.2.10, ബിഎ.2 എന്നിങ്ങനെയുള്ള മറ്റ് ഉപ വകഭേദങ്ങളെ ഇവ പുനഃസ്ഥാപിച്ചതായി, ഇന്ത്യയുടെ കോവിഡ്-19 ജീനോം സീക്വൻസിങ് കൺസോർഷ്യത്തിൽനിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.