ന്യൂഡൽഹി: ജനാധിപത്യം ഇന്ത്യന്‍ മണ്ണില്‍ വേരൂന്നുക മാത്രമല്ല, സമ്പന്നമാക്കുകയും ചെയ്തുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സാധ്യതകള്‍ കണ്ടെത്താന്‍ ഇന്ത്യ ലോകത്തെ സഹായിച്ചതായും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുര്‍മു പറഞ്ഞു.
തന്റെ പ്രസംഗത്തില്‍ ഇന്ത്യയിലെ ലിംഗ അസമത്വങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചു. മറ്റു സുസ്ഥിരമായ ജനാധിപത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കാന്‍ നീണ്ട പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു. പക്ഷേ, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി കണ്ടെത്താന്‍ ലോകത്തെ സഹായിച്ചതിന്റെ ബഹുമതി ഇന്ത്യയ്ക്കാണ്… നമ്മുടെ പെണ്‍മക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയെന്നും മുര്‍മു പറഞ്ഞു.
സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ ‘ഭാരതീയത’ ആഘോഷിക്കുന്നു. ഇന്ത്യ വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണ്. പക്ഷേ, നമുക്കെല്ലാവര്‍ക്കും പൊതുവായ ചിലത് ഉണ്ട്. ഈ പൊതുഘടകമാണ് നമ്മെ ഒരുമിച്ച് ബന്ധിപ്പിക്കുന്നതും ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ചൈതന്യത്തോടൊപ്പം ഒരുമിച്ച് മുന്നേറാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതും, അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വിഭാഗങ്ങളിലേക്ക് വളര്‍ച്ചയുടെ നേട്ടം എത്തിക്കാനായി. പ്രാദേശികമായ വേര്‍തിരിവുകള്‍ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല ശക്തമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് 75-ാം സ്വാതന്ത്ര്യദിനത്തില്‍ ‘സന്തോഷവും സമൃദ്ധിയും’ ആശംസിച്ചുകൊണ്ടാണ് രാഷ്ട്രപതി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുകയാണ്, ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 15 വരെ വീടുകളില്‍ കുറഞ്ഞത് 20 കോടി പതാകകള്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ സ്മാരകങ്ങളും പ്രധാന സ്ഥലങ്ങളും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) സംരക്ഷിച്ച സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 5 മുതല്‍ ഓഗസ്റ്റ് 15 വരെ സൗജന്യമാക്കി.