ബൊഗോട്ട: കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ ലഹരിമരുന്ന് വിരുദ്ധ പൊലീസ് സ്ക്വാഡിലെ നായയാണ് സോംബാര. ലക്ഷക്കണക്കിന് വില വരുന്ന ലഹരിമരുന്നുകള്‍ കണ്ടെടുത്ത സോംബാര കള്ളക്കടത്തുകാരുടെ കണ്ണിലെ കരടാണ്. തുടര്‍ന്നാണ് ഒരു കള്ളക്കടത്തു സംഘം നായയുടെ തലയ്ക്ക് 7000 ഡോളര്‍ (ഏകദേശം 4.88 ലക്ഷം രൂപ) വിലയിട്ടത്. കൊളംബിയയിലെ കുപ്രസിദ്ധ ലഹരിമരുന്ന് ഇടപാട് സംഘമായ ക്ലാന്‍ ഡെല്‍ ഗോള്‍ഫോ ആണ് നിരന്തരമായ തിരിച്ചടികള്‍ക്ക് പിന്നാലെ സോംബാരയെ ലക്ഷ്യമിട്ട് പ്രതിഫലം വാഗ്‌ദാനം ചെയ്ത് രംഗത്തെത്തിയത്.

2016ല്‍ കള്ളക്കടത്ത് സംഘത്തിന്റെ 2.9 ടണ്‍ കൊക്കെയ്നാണ് സോംബാര മണത്തുപടിച്ചത്. പഴങ്ങള്‍ കൂട്ടിയിട്ട കുട്ടകളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു ലഹരിമരുന്ന്. 2017ല്‍ സാന്റാ മാര്‍ട്ടാ നഗരത്തില്‍ പഴങ്ങളുടെ അകത്ത് ഒളിപ്പിച്ച് വച്ച 1.1 ടണ്‍ കൊക്കെയ്നും നായ മണത്തുപിടിച്ചു. ഇതോടെ സോംബാര കള്ളക്കടത്തുകാര്‍ക്കൊരു തലവേദനയായി മാറി. നായയെ തന്നാല്‍ 7000 ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് ക്ലാന്‍ ഡെല്‍ ഗോള്‍ഫോ സംഘം ഒരു പൊലീസുകാരനെയാണ് രഹസ്യമായി സമീപിച്ചത്.

നായയ്ക്ക് മേല്‍ വധഭീഷണി ഉണ്ടെന്ന് അറിഞ്ഞ നാര്‍ക്കോട്ടിക് സ്ക്വാഡ് സോംബാരയെ ബൊഗോട്ട രാജ്യാന്തര വിമാനത്താവളത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സേവനത്തില്‍ 9 ടണ്‍ ലഹരിമരുന്നാണ് സോംബാര ഒറ്റയ്ക്ക് കണ്ടുപിടിച്ചത്. ദിവസവും 8 മണിക്കൂര്‍ ജോലി ചെയ്യുന്ന നായ ഇപ്പോള്‍ വിമാനത്താവളത്തിലെ പെട്ടികളാണ് പരിശോധിക്കുന്നത്. സോംബാരയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുമായും നല്ല ആത്മബന്ധമാണ് ഉള്ളതെന്ന് ജോസ് റൊജാസ് എന്ന ഉദ്യോഗസ്ഥ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട നായകളില്‍ സോംബാരയാണ് മികച്ച രീതിയില്‍ കൊക്കെയ്ന്‍ മണത്തുപിടിക്കുന്നതെന്നും റൊജാസ് പറയുന്നു.

‘എല്ലാ നല്ല ജോലികളേയും പോലെ ലഹരിമരുന്ന് കണ്ടെത്തല്‍ അവള്‍ക്കൊരു ഗെയിം ആണ്. ഓരോ ഓപ്പറേഷനില്‍ വിജയിക്കുമ്പോഴും അവള്‍ക്ക് ഓരോ സമ്മാനങ്ങള്‍ നല്‍കും. മറ്റ് നായകളെ പോലെ പരിചിതമല്ലാത്ത ഇടങ്ങളില്‍ പേടിയുളളയാളല്ല സോംബാര’, റൊജാസ് വ്യക്തമാക്കി. ‘നിഴല്‍’ എന്നാണ് സോംബാര എന്ന പേരിന്റെ അര്‍ത്ഥം. കള്ളക്കടത്തുകാരെ നിഴല്‍ പോലെ പിന്തുടരുന്ന നായയ്ക്ക് പിന്നെ മറ്റെന്ത് പേര് നല്‍കണം.

കൊളംബിയയിലെ ലഹരിമരുന്ന് ഇടപാടുകള്‍ തകര്‍ക്കാന്‍ പൊലീസിനെ സഹായിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഡോഗ് സ്ക്വാഡാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് ഉത്പാദിപ്പിക്കുന്നത് കൊളംബിയയിലാണ്. 2016ല്‍ മാത്രം 866 ടണ്‍ ലഹരിമരുന്നാണ് ഇവിടെ ഉദ്പാദിപ്പിച്ചതെന്നാണ് കണക്കുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook