സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ പതിവുപോലെ ഗുജറാത്തിലെ സൂറത്തിലുള്ള ബേക്കറികള്‍ ഒരുങ്ങി കഴിഞ്ഞു. സെപ്റ്റംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം. അന്നേ ദിവസം മുറിക്കാന്‍ പടുകൂറ്റന്‍ കേക്കാണ് സൂറത്തിലെ ഒരു ബേക്കറിയിൽ തയ്യാറാക്കിയിരിക്കുന്നത്. 700 അടി നീളമുള്ള കേക്ക് അന്നേ ദിവസം മുറിക്കും. സൂറത്തിലെ ബേക്കറിയിൽ അതിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69ാം പിറന്നാൾ; ആഘോഷങ്ങൾ ഗുജറാത്തിൽ

കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള പതിവാണ് മോദിയുടെ ജന്മദിനത്തില്‍ വലിയ കേക്ക് മുറിക്കുന്നത്. ഇത്തവണ 700 അടി നീളമുള്ള കേക്കാണ് മുറിക്കുക. കേക്കിന്റെ ഭാരം 7,000 കിലോയാണ്!. അന്നേ ദിവസം 370 സ്‌കൂളുകളില്‍ നിന്നുള്ള 12,000 ആദിവാസി കുട്ടികള്‍ക്ക് ബേക്കറി ഉടമകള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. പോഷക ആഹാരങ്ങള്‍ അടങ്ങിയ കിറ്റുകളാണ് കുട്ടികള്‍ക്ക് നല്‍കുക.

കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയുടെ പ്രതീകമായാണ് 370 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണപൊതി നല്‍കുന്നതെന്ന് സൂറത്തിലെ അതുല്‍ ബേക്കറി ഉടമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണമായും പോഷക ആഹാരങ്ങള്‍ അടങ്ങിയ കിറ്റുകളാണ് ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നല്‍കുക എന്നും അതുല്‍ ബേക്കറി ഉടമ വ്യക്തമാക്കി.

ഇത്തവണ നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ പടുകൂറ്റന്‍ കേക്ക് നിര്‍മ്മിക്കുന്നത് അഴിമതിക്കെതിരെയുള്ള പ്രതീകമായാണെന്ന് ബ്രെഡ്‌ലെെനർ കമ്പനി അറിയിച്ചു. സര്‍സാന കണ്‍വെന്‍ഷന്‍ സെന്ററിൽ നിര്‍മ്മിക്കുന്ന കേക്കിന് 700 അടി നീളവും 7,000 കിലോ ഭാരവുമുണ്ടാകുമെന്നും ഇത് മുറിക്കുക 700 പേര്‍ ചേര്‍ന്നായിരിക്കുമെന്നും ബ്രെഡ്‌ലൈനര്‍ കമ്പനി മേധാവി അറിയിച്ചതായാണ് റിപ്പോർട്ട്. ‘അഴിമതി മുക്ത ഇന്ത്യ’ എന്ന ആശയമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും നരേന്ദ്ര മോദിയെ പിന്തുണക്കുന്ന അനേകം പേരെ സെപ്റ്റംബര്‍ 17 ലെ പരിപാടിയില്‍ പ്രതീക്ഷിക്കുന്നതായും ബ്രെഡ്‌ലൈനര്‍ കമ്പനി പറയുന്നു. സെപ്റ്റംബർ 17 ന് വെെകീട്ട് നാലിനാണ് കേക്ക് മുറിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന്(സേവനവാരം) സെപ്റ്റംബർ 14 നാണ് തുടക്കം കുറിച്ചത്. എയിംസ് ആശുപത്രിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രോഗികളായ കുട്ടികള്‍ക്ക് പഴങ്ങള്‍ സമ്മാനമായി നല്‍കി.

Read Also: ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവര്‍: ബിജെപി മന്ത്രി

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയും അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു. എയിംസിലെ വരാന്ത അമിത് ഷാ അടിച്ചുവാരി. ജെ.പി.നഡ്ഡയും ഷായ്‌ക്കൊപ്പം ചേര്‍ന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കേണ്ടത് സേവനത്തിലൂടെയാണെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സേവാ സപ്താഹിന് രൂപം നല്‍കിയത്.

രാജ്യത്തെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജീവിതം സമര്‍പ്പിച്ചതെന്ന് സേവാ സപ്താഹ് ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ജീവിതത്തിലുടനീളം പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് അധ്വാനിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടത് സേവന വാരമായിട്ടാണെന്നും അമിത് ഷാ പറഞ്ഞു.

സെപ്റ്റംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ ആഘോഷ പരിപാടികള്‍ നടത്താനാണ് ബിജെപി തീരുമാനിച്ചത്. ‘ജനങ്ങളെ സേവിക്കാനുള്ള ആഴ്ച’ (സേവ സപ്‌താ‌ഹ്) എന്ന പേരിലാണ് ബിജെപി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയുടെ ജന്മദിനം ഇങ്ങനെ ആഘോഷിക്കുന്നത്.

Read Also: ഒന്നും കാണാന്‍ അദ്ദേഹം കാത്തുനിന്നില്ല; അച്ഛന്റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി ക്രിസ്റ്റ്യാനോ

1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്‌സാനയിലെ വാദ്‌നഗറാണ് മോദിയുടെ ജന്‍മദേശം. നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് മുഴുവൻ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവിൽപ്പന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ പങ്കുവച്ചിട്ടുണ്ട്.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദിക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നു. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിർത്തി. ഇതോടെ രണ്ടാം മോദി സർക്കാരിന് തുടക്കമായി. കഴിഞ്ഞ വർഷം മോദി 68-ാം ജന്മദിനം ആഘോഷിച്ചത് ലളിതമായ പരിപാടികളോടെയായിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയിൽ വച്ചായിരുന്ന കഴിഞ്ഞ വർഷം ജന്മദിനാഘോഷം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook