അലഹബാദ്: ഉത്തർപ്രദേശിലെ അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ഉത്തർപ്രദേശിലെ ഗുർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള പാടത്തുവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അലഹബാദ് പോലീസ് പബ്ലിക് റിലേഷൻ ഓഫീസർ സന്ദീപ് തിവാരി പറഞ്ഞു.

കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ കാറിൽ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഇവരെ തടയാൻ ശ്രമിച്ച യുവാവിനെ ആക്രമികൾ വെടിവച്ചു കൊന്നു. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി മടങ്ങുകയായിരുന്നു കുടുംബം ഉത്തര്‍ പ്രദേശിലെ ജേവര്‍-ബുലന്ദേശ്വര്‍ ഹൈവേയിലാണ് ആക്രമിക്കപ്പെട്ടത്.

യാത്രാമദ്ധ്യേ രാത്രി ഒരു മണിയോടെ ഇവര്‍ സഞ്ചരിക്കുന്ന കാര്‍ ഹൈവേയുടെ മധ്യത്തില്‍ വച്ച് ഒരു ലോഹവസ്തുവില്‍ തട്ടി നിൽക്കുകയായിരുന്നു. ശേഷം ആറംഗ അക്രമി സംഘം ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു. സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം ഇവരുടെ പണവും മറ്റും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്.

ഉത്തർപ്രദേശിലെ ക്രമസമാധാനനില പാടെ താറുമാറായെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ ആറംഗ കവർച്ചാസംഘം രണ്ട് പേരെ വെടിവെച്ച് കൊന്ന് ജ്വല്ലറി കൊള്ളയടിച്ചതും ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരനായ വൃദ്ധനെ കൊലപ്പെടുത്തി നാല് ലക്ഷം രൂപ മോഷ്ടിച്ചതും വലിയ വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook