ശ്രീനഗർ: നിരന്തരം ആക്രമണ പരമ്പരകളും ഏറ്റുമുട്ടലുകളും നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കരളലിയിക്കുന്ന സംഭവം. ഏഴുവയസുകാരനായ പാക് ബാലന്റെ മൃതദേഹം അതിര്‍ത്തി കടന്ന് ഒഴുകിയെത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ഇടപെട്ടു. മൃതദേഹം തിരിച്ചു നല്‍കാന്‍ എല്ലാവിധ സഹായങ്ങളും ചെയ്തു. വിട്ടുവീഴ്ചകളുമായി പാക്കിസ്ഥാനും എത്തിയതോടെ അതിര്‍ത്തിയില്‍ നടന്നത് മഞ്ഞുരുകുന്നതിന് സമാനമായ കാര്യം. പാക് ഗ്രാമത്തില്‍ നിന്നുള്ള ബാലന്റെ മൃതദേഹം നദിയിലൂടെ ഒഴുകി എത്തിയപ്പോൾ മൈന്‍ ഭീഷണികള്‍ പോലും വകവയ്ക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് കൈമാറിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി സംഭവവികാസങ്ങളാണ് ഗൂര്‍സ് താഴ്‌വരയിലെ അച്ചൂര ഗ്രാമത്തില്‍ ഉണ്ടാകുന്നത്. വടക്കന്‍ കശ്മീരിലാണ് സംഭവം. ബുധനാഴ്ചയാണ് ആബിദ് ഷെയ്ഖ് എന്ന ബാലന്റെ മൃതദേഹം ഇന്ത്യന്‍ സൈന്യവും നാട്ടുകാരും ചേര്‍ന്ന് പാക്കിസ്ഥാന് കൈമാറിയത്.

ഇത്തരത്തില്‍ അതിര്‍ത്തിയില്‍ വച്ച് മൃതദേഹം കൈമാറുന്നത് തന്റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് നസീര്‍ അഹമ്മദ് എംഎല്‍എ പറഞ്ഞു. ഗുര്‍സില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം.

ചൊവ്വാഴ്ചയാണ് നദിയിലൂടെ ഒഴുകിവന്ന ബാലന്റെ മൃതദേഹം അച്ചൂര ഗ്രാമവാസികള്‍ കാണുന്നത്. കൃഷ്ണഗംഗ നദിയിലൂടെയാണ് മൃതദേഹം ഒഴുകിയെത്തിയത്. ഇതിനുപിന്നാലെയാണ് പാക് അധീന കാശ്മീരിലെ ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ മിനിമാര്‍ഗ് അസ്തൂര്‍ ഗ്രാമത്തില്‍ നിന്ന് കാണാതായ ഒരു കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ അച്ചൂര ഗ്രാമത്തിലുള്ളവർ അറിയുന്നത്. കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഗ്രാമവാസികള്‍ സൈന്യത്തോട് ഇടപെടാന്‍ ആവശ്യപ്പെട്ടു.

അച്ചൂര ഗ്രാമത്തിലുള്ളവര്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച് പ്രതിസന്ധിയിലായി. ആ പ്രദേശത്തൊന്നും മൃതദേഹം സൂക്ഷിക്കാനുള്ള മോര്‍ച്ചറി സംവിധാനം ഇല്ലായിരുന്നു. എന്ത് ചെയ്യണമെന്ന് ആലോചിച്ചു. ഒടുവില്‍ മഞ്ഞുമലകളില്‍ നിന്ന് ഐസ്പാളികള്‍ വെട്ടിയെടുത്ത് ഒരു ബോക്‌സ് ഉണ്ടാക്കി. അതില്‍ മൃതദേഹം സൂക്ഷിക്കാന്‍ തീരുമാനിച്ചു. അല്ലാത്ത പക്ഷം മൃതദേഹത്തിന് പഴക്കം വരുമായിരുന്നു.

മൃതദേഹം പാക്കിസ്ഥാന് കൈമാറാന്‍ പിന്നെയും പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഔദ്യോഗികമായി കൈമാറ്റങ്ങള്‍ നടക്കുന്ന ഗൂര്‍സ് വഴി മൃതദേഹവും നല്‍കാമെന്നായിരുന്നു ഇന്ത്യന്‍ സൈന്യം തീരുമാനിച്ചത്. എന്നാല്‍, അവിടെ നിന്ന് 200 കിലോമീറ്റര്‍ മാറിയുള്ള തീത്‌വാള്‍ ക്രോസിങില്‍ നിന്ന് (കുപ്‌വാര ജില്ല) മൃതദേഹം സ്വീകരിക്കാം എന്നായിരുന്നു പാക്കിസ്ഥാന്‍ പറഞ്ഞത്. ഗൂര്‍സിലെ മൈനുകളാണ് പാക്കിസ്ഥാനെ അങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചത്.

പക്ഷേ, അന്നു വൈകിട്ട് ആയപ്പോഴേക്കും പാക്കിസ്ഥാന്‍ നിലപാട് മയപ്പെടുത്തി. ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൈനിക പ്രതിനിധികളും ഗൂർസ് മേഖലയിലെ അവസാന പോസ്റ്റില്‍ എത്തി. എന്നാല്‍ പാക്കിസ്ഥാനിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് മൃതദേഹം ഗൂര്‍സിലെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടു പോയി.

എന്നാല്‍, വ്യാഴാഴ്ച ആയപ്പോള്‍ പാക്കിസ്ഥാന്‍ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായി. ഗൂര്‍സ് മേഖലയിലെ മൈനുകള്‍ പാകിയ സ്ഥലം കടന്ന് പാക് സൈന്യം എത്തി. അവര്‍ മൃതദേഹം സ്വീകരിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.39 ഓടെയാണ് മൃതദേഹം കൈമാറിയതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. മൃതദേഹം തിരിച്ചറിഞ്ഞ ശേഷമാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook