കാലിഫോർണിയ: കാലിഫോർണിയയിൽ രണ്ടിടങ്ങളിലായുണ്ടായ വെടിവയ്‌പിൽ ഏഴുപേർ കൊല്ലപ്പെട്ടു. സാൻ ഫ്രാൻസിസ്കോയുടെ തെക്കുള്ള തീരദേശ കമ്മ്യൂണിറ്റിയിലെ ഒരു മഷ്റൂം ഫാമിലും ഒരു ട്രക്കിങ് സ്ഥാപനത്തിലുമാണ് വെടിവയ്‌പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സാൻഫ്രാൻസിസ്കോയിൽ നിന്ന് 48 കിലോമീറ്റർ അകലെ ഹാഫ് മൂൺ ബേയുടെ പ്രാന്തപ്രദേശത്തുള്ള ഫാമിൽ നാല് പേരും ട്രക്കിങ് സ്ഥാപനത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടതായി സാൻ മാറ്റിയോ കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്‌സ് പ്രസിഡന്റ് ഡേവ് പൈൻ പറഞ്ഞു. രണ്ടു വെടിവയ്പിൽ ആളുകൾ കൊല്ലപ്പെട്ടതായി കാലിഫോർണിയ സ്റ്റേറ്റ് സെനറ്റർ ജോഷ് ബെക്കർ സ്ഥിരീകരിച്ചു.
മഷ്റൂം ഫാമിൽ വെടിവയ്‌പ് നടന്നതായി സാൻ മാറ്റിയോ കൗണ്ടി സൂപ്പർവൈസർ ഡേവിഡ് കനേപ ട്വീറ്റ് ചെയ്തു. സാൻ മാറ്റിയോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് വൈകുന്നേരം 5 മണിക്ക് മുമ്പായി ഒരു പ്രതി കസ്റ്റഡിയിലാണെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ഒരാളെ കസ്റ്റഡിയിലെടുത്തതായി ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാമായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച തെക്കൻ കാലിഫോർണിയയിലെ ഒരു ബോൾറൂം ഡാൻസ് ഹാളിൽ നടന്ന വെടിവയ്‌പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.