ജയ്‌പൂര്‍: രാജസ്ഥാനില്‍ പൊലീസും ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത 68 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. രാജ്സമന്ദിലെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. നേപ്പാള്‍, ചത്തീസ്ഗഢ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളള അഞ്ചിനും 16നും ഇടയിലുളള പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസും ശിശുക്ഷേമ വകുപ്പും സംയുക്തമായി ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. 10 സ്ത്രീകളാണ് ബാലികമാരെ 20 ദിവസത്തോളമായി തടവിലാക്കി പാര്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ദാത്തി മഹാരാജിന്റെ ആശ്രമത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളാണ് ഇവരെന്ന് ആദ്യം സംശയമുണ്ടായിരുന്നു.

എന്നാല്‍ ഒരു സന്നദ്ധ സംഘടനയാണ് പെണ്‍കുട്ടികളെ അനധികൃതമായി പാര്‍പ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഹോട്ടലിലെ മൂന്നാം നിലയിലായിരുന്നു പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. 3 കുളിമുറികള്‍ മാത്രമാണ് ഇത്രയും പേര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ