ന്യൂഡല്‍ഹി : 2018ലെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദത്തില്‍. പുരസ്കാര വിതരണത്തിലെ കീഴ്വഴക്കങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പതിവായി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കുന്നത് രാഷ്ട്രപതിയാണ്. എന്നാല്‍ ഈ വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും പുരസ്കാരങ്ങള്‍ ലഭിക്കുന്നത് പത്ത് പേര്‍ക്ക് മാത്രമാകും . ബാക്കിയുള്ളവര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക കേന്ദ്ര വാര്‍ത്താ വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡുമാകും.

മികച്ച സിനിമ, മികച്ച നടന്‍, മികച്ച നടി എന്നിവയടക്കം പത്ത് പുരസ്കാരങ്ങള്‍ മാത്രമാകും രാഷ്ട്രപതി നല്‍കുക എന്ന വിവരം പുരസ്കാര ജേതാക്കള്‍ അറിയുന്നത് ഇന്ന് വൈകീട്ടാണ്. കീഴ്വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് വകുപ്പ് മന്ത്രിയില്‍ നിന്നാകും ദേശീയ പുരസ്കാരം ഏറ്റുവാങ്ങേണ്ടത് എന്നത് പുരസ്കാര ജേതാക്കളുടെ എതിര്‍പ്പിനും വഴിയൊരുക്കി. നാളെ വൈകീട്ടാണ് പുരസ്കാര വിതരണമെന്നിരിക്കെ ഇന്ന് വൈകിട്ട് പുരസ്കാര ജേതാക്കള്‍ക്കായി ഡല്‍ഹിയില്‍ റിഹേ‌ഴ്‌സല്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ മാത്രം അറിഞ്ഞ തീരുമാനം വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

സ്‌മൃതി ഇറാനിയോട് പിണങ്ങി അവാർഡ് ജേതാക്കൾ; ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും

 

റിഹേഴ്സലില്‍ പങ്കെടുക്കാനെത്തിയ ദേശീയ ജേതാക്കള്‍ പ്രതിഷേധം ആരംഭിച്ചതോട് കൂടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെ ചര്‍ച്ചയ്ക്കായ് എത്തി. ഇത് രാഷ്ട്രപതിയുടെ തീരുമാനമാണ്. തനിക്ക് ഒന്നും ചെയ്യാനാകില്ല എങ്കിലും സംസാരിച്ചു നോക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം എന്ന് പുരസ്കാര ജേതാക്കള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തെ അറിയിച്ചു.

പതിവായ്‌ രാഷ്ട്രപതി നല്‍കുന്ന പുരസ്കാരം ഇത്തവണ വകുപ്പ് മന്ത്രി നല്‍കുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനം മാത്രമായല്ല സര്‍ക്കാരിന്റെ നയപരമായ മാറ്റമായി തന്നെയാണ് കാണേണ്ടത് എന്നാണ് പുരസ്കാര ജേതാവായ നിതിന്‍ ആര്‍ ഐഇ മലയാളത്തോട് പറഞ്ഞത്.

” ഇത് ഇപ്പോള്‍ തുടങ്ങിയ ഒരു സംഭവമല്ലല്ലോ. കീഴ്വഴക്കങ്ങളുടെ ലംഘനം മാത്രമായ് ഇതിനെ കാണരുത്. രാഷ്ട്രപതി നല്‍കി കൊണ്ടിരുന്ന പുരസ്കാരത്തെ വകുപ്പ് തലത്തിലുള്ള ഒരു പുരസ്കാരമായി ചുരുക്കുകയാണ്. ഇത് നയപരമായ മാറ്റം തന്നെയാണ്.” മികച്ച ആന്ത്രപോളജികല്‍ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംവിധായകന്‍ നിതിൻ. ആർ പറഞ്ഞു.

2017ലെ മികച്ച ഇന്ത്യന്‍ സിനിമകള്‍ക്കായുള്ള 65ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം നാളെ വൈകീട്ടാണ് നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook