റായ്‌പൂർ: ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ 62 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി പൊലീസ്. മാവോയിസ്റ്റുകളിൽ 55 പേർ നാടൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളുമായാണ് കീഴടങ്ങിയതെന്ന് ഛത്തീസ്ഗഢ് പൊലീസ് വ്യക്തമാക്കി. മാവോയിസ്റ്റ് ആശയങ്ങളിൽ മനം മടുത്തും അബ്ജൂമാദ് മേഖലയിലെ പൊലീസ് സേനയുടെ സാന്നിധ്യവുമാണ് മാവോയിസ്റ്റുകളെ പൊലീസിന് മുന്നിൽ കീഴടങ്ങാൻ പ്രേരണയായതെന്ന് പൊലീസ് അധികൃതർ പറയുന്നു.

ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് മാവോയിസ്റ്റുകൾ കീഴടങ്ങുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകളുടെ നിർദ്ദേശമുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ദൂരദർശൻ ക്യാമറമാൻ കൊല്ലപ്പെട്ടിരുന്നു.

കീഴടങ്ങിയ 62 പേരും സിപിഐ(മാവോയിസ്റ്റ്) കുതുൽ ഏരിയ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് പ്രവർത്തകരാണെന്നും, നാരായൺപൂർ ജില്ലയിലെ അബ്ജൂമാദ് വനമേഖലയിലെ മഹാരാഷ്ട്ര അതിർത്തിയിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

കീഴടങ്ങിയ മാവോയിസ്റ്റുകളെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് അഭിനന്ദിച്ചു. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ അവസരം ഒരുക്കുന്ന സർക്കാർ പദ്ധതിയുടെ വിജയമാണിതെന്നും, കൂടുതൽ തീവ്ര ഇടത് പ്രവർത്തകർ അക്രമത്തിന്റെ പാത ഉപേക്ഷിച്ചു മുഖ്യധാരയിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook