ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ചിത്രകൂടില്‍ വച്ച് ഫെബ്രുവരി 12ന് തട്ടിക്കൊണ്ടു പോയ 6 വയസുളള ഇരട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബന്ദയിലുളള പുഴയില്‍ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ സ്കൂള്‍ ബസില്‍ നിന്നായിരുന്നു തട്ടിക്കൊണ്ടു പോയത്.
മോചനദ്രവ്യവും കൈക്കലാക്കി ആയിരുന്നു കുട്ടികളെ കൊലപ്പെടുത്തിയത്. ഒരു കല്ലില്‍ രണ്ട് കുട്ടികളേയും ഒരുമിച്ച് കെട്ടി പുഴയില്‍ ഒഴുക്കുകയായിരുന്നു. ഫെബ്രുവരി 12ന് ചിത്രകൂടില്‍ വച്ച് സ്കൂള്‍ ബസ് തടഞ്ഞ് രണ്ട് പേരാണ് തോക്ക് ചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.
പ്രതികളില്‍ ഒരാള്‍ എൻജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. കുട്ടികളുടെ പിതാവിനോടുളള വൈരാഗ്യം കാരണമാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം. കൊലപാതക വിവരം പുറത്ത് വന്നതോടെ ചിത്രകൂടില്‍ വന്‍ തോതിലുളള പ്രതിഷേധം നടക്കുന്നുണ്ട്.