ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ ആറ് വയസുകാരി പീഡനത്തിനിരയായി. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം. മൂന്ന് മാസം മുമ്പ് സ്കൂളില്‍ ജോലിക്ക് ചേര്‍ന്ന ഒരു ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരവെയാണ് ബാലികയും പീഡനത്തിനിരയായത്. നഗരത്തിലെ സ്കൂളുകളിലുളള ജീവനക്കാരെ നിരീക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ഡല്‍ഹി പൊലീസ് ഉറപ്പു നല്‍കിയിരുന്നു. സ്കൂളിലെ വാഷ്റൂമില്‍ കൈകഴുകാന്‍ പോയ ഒന്നാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. ഉച്ചയ്ക്ക് 2.30ഓടെ വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം തുറന്നുപറയുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിച്ച് സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചു. ഒരു സ്ത്രീ ജീവനക്കാരിയാണ് വാഷ്റൂമില്‍ കുട്ടികളെ സഹായിക്കാറുണ്ടായിരുന്നത്. എന്നാല്‍ സംഭവം നടന്ന സമയം ഇവര്‍ സമീപത്ത് ഉണ്ടായിരുന്നില്ല. പുരുഷ ജീവനക്കാരന്‍ പെണ്‍കുട്ടിയ ലൈംഗികമായി ഉപദ്രവിച്ച ശേഷം ക്ലാസിലേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷം ഡോക്ടര്‍മാര്‍ ലൈംഗികപീഡനം നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു.

ആന്തരിക അവയവങ്ങള്‍ക്ക് പരുക്കേറ്റ കുട്ടിയെ സര്‍ജറിക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും സ്കൂളിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഗുരുഗ്രാമിലെ റയാന്‍ സ്കൂളില്‍ കുട്ടി പീഡനത്തിന് ഇരയാക്കി കൊല്ലപ്പെട്ട സംഭവം വിവാദമായിരിക്കെയാണ് പുതിയ സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ