ന്യൂഡൽഹി: രാജസ്ഥാനിലെ കേന്ദ്രീയ വിദ്യാലയത്തിൽ ആറ് വയസുകാരിയായ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബാർമറിലെ കേന്ദ്രീയ വിദ്യാലയത്തിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിലെ ശൗചാലയത്തിനോട് ചേർന്ന ക്ലാസ് റൂമിലെ ബെഞ്ചിൽ കെട്ടിയിട്ടാണ് തൂപ്പുകാർ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്‌റ്റ‌ഡിയിലെടുത്തു.

ഡൽഹിയിൽ അഞ്ചു വയസ്സുകാരിയെ സ്കൂളിൽ പ്യൂൺ പീഡിപ്പിച്ച സംഭവത്തിനും ഗുർഗ്രാമിൽ ഏഴുവയസ്സുകാരൻ കഴുത്തറുത്തു കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെയാണ് പിഞ്ചുകു‍ഞ്ഞിനു നേരെ രാജസ്ഥാനിൽ അതിക്രമം ഉണ്ടായിരിക്കുന്നത്. അതിനാൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പൊലീസ് സൂപ്രണ്ട് ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ കലക്ടറും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയും സ്കൂളിൽ ജീവനക്കാരെ ചോദ്യം ചെയ്യൽ തുടർന്നു. ആർമി പൊലീസിന്റെ കാവലിലായിരുന്നു ചോദ്യംചെയ്യൽ.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കനത്ത മുറിവേറ്റതായി കണ്ടെത്തി. അസ്വാഭാവികമായ സംഭവമായതിനാൽ ഉടനെ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയതും. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമായിരിക്കും കൂടുതൽ നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook