ബംഗളൂരു: പൂച്ചക്കുട്ടികളെന്ന് കരുതി ആദിവാസി ബാലന്‍ രണ്ട് ദിവസം കളിച്ചത് പുലിക്കുട്ടികള്‍ക്ക് ഒപ്പം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. വീടിന് സമീപത്തെ പുല്‍ച്ചെടികള്‍ക്ക് ഇടയില്‍ നിന്ന് കിട്ടിയ പുലിക്കുട്ടികളെ പൂച്ചക്കുട്ടികളാണെന്ന് കരുതിയാണ് ബാലന്‍ വീട്ടിലെത്തിച്ചത്.
പാലും ഭക്ഷണവും കൊടുത്ത് പുലിക്കുട്ടികളെ പരിപാലിക്കുകയും ചെയ്തു. പൂച്ചയാണെന്ന് കരുതിയ ആറ് വയസുകാരന്റെ മാതാപിതാക്കളും പുലിക്കുട്ടികളെ പരിപാലിക്കാന്‍ കുട്ടിയെ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ ശ്രദ്ധിച്ചപ്പോഴാണ് അപകടം മനസിലായത്.
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവരെത്തി ഇവ പുലിക്കുട്ടികളാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പുലിക്കുട്ടികളെ പിന്നീട് പത്ത് കിലോമീറ്റര്‍ അകലെ കാട്ടില്‍ തുറന്നുവിട്ടു.
അമ്മപ്പുലി സമീപത്തെങ്ങാനും ഉണ്ടായിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലികള്‍ക്ക് സാധാരണ ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാകും. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവ കണ്ണ് തുറക്കുക. പിന്നീട് ഏകദേശം രണ്ട് വയസ്സാകും അമ്മപ്പുലി കുട്ടികളെ സംരക്ഷിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.