ന്യൂഡൽഹി: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം അനുവദിക്കാനായുള്ള ആറ് മാസത്തെ കാത്തിരിക്കൽ കാലാവധി ആവശ്യമെങ്കിൽ ഒഴിവാക്കാമെന്ന് സുപ്രീം കോടതി വിധി. ദന്പതികൾ തമ്മിൽ യോജിപ്പിന് ഒരു സാധ്യതയുമില്ലെന്ന് വിചാരണ കോടതിക്ക് ഉറപ്പുണ്ടെങ്കിൽ ഈ കാത്തിരിക്കൽ കാലാവധി ഒഴിവാക്കി കൊടുക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം, ആറുമാസമുള്ള നിയമപരമായ കാത്തിരിക്കൽ കാലാവധിക്കുള്ളിൽ, ദന്പതികൾ തമ്മിൽ യോജിപ്പിലെത്തിയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വിവാഹമോചനം അനുവദിക്കാൻ സാധിക്കുകയുള്ളൂ.

“വകുപ്പ് 13 ബി (2) ൽ സൂചിപ്പിച്ചിട്ടുള്ള കാലയളവ് നിർബന്ധമല്ല, പക്ഷേ നിർദ്ദേശിക്കാവുന്നതാണ്. ഓരോ കേസിന്റെയും വസ്തുതകളും സാഹചര്യങ്ങളും അനുസരിച്ച് കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് ഇത് നിശ്ചയിക്കാം.’ ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു യു ലലിത് എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.

ചില സാഹചര്യങ്ങളിൽ കോടതിക്ക് ആറു മാസത്തിൽ ഇളവ് അനുവദിക്കാം. പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക്, ആദ്യ ഹർജി ഫയൽ ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം ആറ് മാസത്തെ കാലാവധി ഒഴിവാക്കാനായുള്ള അപേക്ഷ കൊടുക്കാം.

വിചാരണകൾ നടക്കുന്പോൾ, കോടതി അനുവദിക്കുകയാണെങ്കിൽ, കക്ഷികൾക്ക് വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ അവസരം ലഭിക്കും. അതല്ലെങ്കിൽ മതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങി വളരെ അടുത്ത ബന്ധുക്കളെ പകരം കോടതിയിൽ അയച്ചാലും മതിയാകും.

ദന്പതികൾ തമ്മിൽ ഇനി ഒരു യോജിപ്പിനും സാധ്യതയില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രം ആണ് ഈ ഇളവുകൾ അനുവദിക്കാവൂ എന്നും സുപ്രീം കോടതി വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. എട്ട് വർഷമായി പിരിഞ്ഞ് ജീവിക്കുന്ന ദന്പതികളുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഒരിക്കലും യോജിക്കാനാവാത്ത തങ്ങൾക്ക് ആറ് മാസത്തെ കാത്തിരിക്കൽ കാലാവധി ഒഴിവാക്കിത്തരണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ