ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് പേർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. ഗവർണർ ഭരണത്തിന് കീഴിൽ സാധാരണക്കാരാണ് കൊല്ലപ്പെടുന്നതെന്ന വിമർശനവുമായി മുൻ കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി രംഗത്ത് വന്നു. സാധാരണ പൗരന്റെ ജീവൻ ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു എന്ന് മെഹബൂബ കുറ്റപ്പെടുത്തി. മരിച്ചവരുടെ കണക്കുകൾ നിരത്തി “ഭീകര ദിവസം” എന്നാണ് ഒമർ അബദുളള ഇതിനെ വിശേഷിപ്പിച്ചത്.

ഇന്ന് രാവിലെയാണ് പുൽവാമയിലെ സിർനൂ വില്ലേജിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അധികം വൈകാതെ ഇന്ത്യൻ സൈനികൻ വെടിയേറ്റ് മരിച്ചു. ഒരു തോട്ടത്തിലായിരുന്നു ഭീകരർ ഒളിച്ചിരുന്നത്.

പ്രദേശവാസികളായ മൂന്ന് ഭീകരർ തോട്ടത്തിനകത്തുളളതായി വിവരം ലഭിച്ചാണ് സൈന്യവും പൊലീസും സിആർപിഎഫും സ്ഥലത്തെത്തിയത്. ഏറ്റുമുട്ടൽ തുടങ്ങിയതോടെ ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയെന്നാണ് സൈന്യം നൽകുന്ന വിവരം. കൊല്ലപ്പെട്ട ആറ് നാട്ടുകാരും സൈന്യത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നുവെന്ന് സൈന്യം പറയുന്നു.

ഇന്തോനേഷ്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ആബിദ് ഹുസൈൻ എന്ന എംബിഎ ബിരുദധാരിയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഭാര്യയും മൂന്ന് വയസ് പ്രായമായ കുഞ്ഞിനുമൊപ്പമാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. കൊല്ലപ്പെട്ട മറ്റൊരാൾ ആമിർ അഹമ്മദാണ്.

കൊല്ലപ്പെട്ട നാട്ടുകാരുടെ നെഞ്ചിലും തലയിലും വെടിയേറ്റതായാണ് വിവരം. ഇവർക്ക് പുറമെ നിരവധി പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. നാട്ടുകാർ കൊല്ലപ്പെട്ടതറിഞ്ഞ് പുൽവാമയിൽ പ്രതിഷേധം ആരംഭിച്ചു. ഇതോടെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. കാശ്മീർ താഴ്‌വരയിൽ നിന്ന് ബാനിഹാൽ ടൗണിലേക്കുളള ട്രെയിൻ ഗതാഗതവും നിർത്തിവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook