ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒന്‍പത് മരണം. 160 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ലാഹോര്‍, ഇസ്‌ലാമാബാദ്, റാവല്‍പിണ്ടി, ക്വേറ്റ, പേശാവാര്‍, കോഹത്, ലക്കി മാര്‍വത് തുടങ്ങിയ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണതായാണ് ജിയൊ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂകമ്പത്തിന്റെ സമയത്തില്‍ റാവല്‍പിണ്ടി മാര്‍ക്കറ്റിൽ വലിയ തിക്കും തിരക്കും ഉണ്ടായതായും വിവരമുണ്ട്.
ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ദുരന്ത നിവാരണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി പാക്കിസ്ഥാൻ സർക്കാരിന്റെ കീഴിലുള്ള അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യമന്ത്രി അബ്ദുൾ ഖാദർ പട്ടേലിന്റെ നിർദേശപ്രകാരം തലസ്ഥാനത്തെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്,, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.