ന്യൂഡല്‍ഹി: രാജ്യത്ത് മുന്‍ വര്‍ഷത്തേക്കാള്‍ പുകവലി കുറഞ്ഞതായുളള റിപ്പോര്‍ട്ടിനിടെ കുട്ടികളില്‍ പുകവലി ശീലം കൂടുന്നതായി പഠനം. ഇന്ത്യയില്‍ 10 മുതല്‍ 14 വയസ് വരെയുളള കുട്ടികളില്‍ 6,25000 പേര്‍ ദിനംപ്രതി പുകവലിക്കുന്നവരാണെന്നാണ് പഠന റിപ്പോര്‍ട്ട്. ഗ്ലോബല്‍ ടൊബാക്കോ അറ്റ്‍ലസിന്റെ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍.
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം ഇന്ത്യയില്‍ 9,32,600 പേരാണ് പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങളെ തുടര്‍ന്ന് മരണപ്പെടുന്നത്. അതായത് ആഴ്ചയില്‍ 17,887 പേര്‍. 15 വയസിന് മുകളിലുളള 103 മില്യണ്‍ പൗരന്മാര്‍ ദിനംപ്രതി പുകവലിക്കുന്നവരാണ്. 4,29,500ല്‍ അധികം ആണ്‍കുട്ടികളും 195,500ല്‍ അധികം പെണ്‍കുട്ടികളും ദിനംപ്രതി പുകയെടുക്കുന്നവരാണ്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതലായും പുകവലിക്കാര്‍. 90 മില്യണ്‍ പുരുഷന്മാരും 13 മില്യണ്‍ സ്ത്രീകളുമാണ് പുകവലിക്കാര്‍. 2016ലെ കണക്കുപ്രകാരം 82.12 ബില്യണ്‍ സിഗരറ്റുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത്. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 15 ശതമാനത്തിന് തുല്യമായ വരുമാനമാണ് ടൊബാക്കോ കമ്പനികള്‍ പ്രതിവര്‍ഷം നേടുന്നത്.