scorecardresearch

Latest News

കർണ്ണാടക: ഹിജാബ് അഴിക്കാൻ വിസമ്മതിച്ചതിനും പ്രതിഷേധിച്ചതിനും 58 വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ

വെള്ളിയാഴ്ച ഇവരെ സസ്‌പെൻഡ് ചെയ്തതായും കോളേജിലേക്ക് വരേണ്ടെന്ന് പറഞ്ഞതായും ഒരു വിദ്യാർത്ഥി മാധ്യമപ്രവർത്തകരോട് പറഞ്ഞു

Hijab
പ്രതീകാത്മക ചിത്രം

കർണ്ണാടകയിൽ പല ഭാഗങ്ങളിലും ശനിയാഴ്ച പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തിയതിനാൽ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിച്ചു. അതേസമയം, ശിവമോഗ ജില്ലയിലെ ഷിരാലക്കൊപ്പയിൽ ഹിജാബ് അഴിക്കാൻ വിസമ്മതിക്കുകയും സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് മാനേജ്‌മെന്റിനെതിരെ പ്രകടനം നടത്തുകയും ചെയ്ത 58 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു.

വെള്ളിയാഴ്ച ഇവരെ സസ്‌പെൻഡ് ചെയ്തതായും കോളേജിലേക്ക് വരേണ്ടെന്ന് പറഞ്ഞതായും ഒരു വിദ്യാർത്ഥി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്ചയും ഇവർ കോളേജിലെത്തി ഹിജാബ് ധരിക്കാനുള്ള അവകാശം ഉന്നയിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാൽ, അവരെ അകത്തേക്ക് കടത്തിവിട്ടില്ല.

“ഞങ്ങൾ ഇവിടെയെത്തി, പക്ഷേ ഞങ്ങളെ എല്ലാവരെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നും കോളേജിൽ വരേണ്ട ആവശ്യമില്ലെന്നും പ്രിൻസിപ്പൽ ഞങ്ങളോട് പറഞ്ഞു. പോലീസ് പോലും ഞങ്ങളോട് കോളേജിൽ വരേണ്ടെന്ന് പറഞ്ഞെങ്കിലും ഞങ്ങൾ ഇവിടെ എത്തി. ഇന്ന് ആരും ഞങ്ങളോട് സംസാരിച്ചില്ല,” വിദ്യാർഥികൾ പറഞ്ഞു.

അതേസമയം, ദാവൻഗിരി ജില്ലയിലെ ഹരിഹറിലെ എസ്‌ജെവിപി കോളേജിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചു. ഹിജാബില്ലാതെ അകത്തേക്ക് പോകാൻ വിദ്യാർത്ഥികൾ വിസമ്മതിച്ചു. ഇത് വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണെന്നും അവർക്ക് അവരുടെ അവകാശം ഉപേക്ഷിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

ബെലഗാവി ജില്ലയിലെ വിജയ് പാരാമെഡിക്കൽ കോളേജിൽ, ഹിജാബ് പ്രശ്നം കാരണം സ്ഥാപനം അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാർത്ഥികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 58 girls suspended from college in ktaka for wearing hijab holding protest