നാല്‍ഗോണ്ട: ആന്ധ്രപ്രദേശിലെ ദൈദ ഗ്രാമത്തില്‍ കീടനാശിനി കഴിച്ച് 56 പശുക്കള്‍ ചത്തൊടുങ്ങി. വിളവെടുത്ത ചോളത്തിന്റെ അവശിഷ്ടങ്ങളും കീടനാശിനിയും ഉപേക്ഷിച്ച തോട്ടത്തില്‍ മേഞ്ഞ പശുക്കളാണ് ഞായറാഴ്ച്ച രാത്രിയോടെ ചത്തത്. ഗുറാസലയിലെ ഗ്രാമവാസികള്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തു കിടക്കുന്നത് കണ്ടാണ് ഉണര്‍ന്നത്. ഗുണ്ടല ലക്ഷ്മയ്യ എന്ന കര്‍ഷകന്റെതാണ് ചത്ത പശുക്കള്‍ മുഴുവന്‍. ഇദ്ദേഹം നാല്‍ഗോണ്ട ജില്ലയില്‍ 15 വര്‍ഷമായി കന്നുകാലികളെ വളര്‍ത്തിവരികയാണ്.

രാത്രി പശുക്കളെ മേയാനായി വിട്ടപ്പോഴാണ് സംഭവം ഉണ്ടായത്. 56 പശുക്കള്‍ ചത്തപ്പോള്‍ ബാക്കി ഉണ്ടായിരുന്ന 44 പശുക്കള്‍ പരിഭ്രാന്തരായി ഓടി. ഇതില്‍ 24 പശുക്കളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തില്‍ പശുക്കളുടെ കുടലില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തി. വിഷത്തെ പ്രതിരോധിക്കാനുളള കഴിവ് കന്നുകാലികള്‍ക്ക് ഉണ്ടെങ്കിലും 20 മില്ലി ഗ്രാമിന് മുകളിലുളള വിഷം ജാവഹാനിക്ക് കാരണമാകും.

കടം കാരണം ബുദ്ധിമുട്ടിയ കര്‍ഷകന്‍ പശുക്കള്‍ ചത്തതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. 25 ലക്ഷത്തോളം തനിക്ക് നഷ്ടം വന്നതായി അദ്ദേഹം പറഞ്ഞു. മൃഗഡോക്ടര്‍മാരുടെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് 20 പശുക്കള്‍ മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ