ന്യൂഡൽഹി: രാജ്യത്ത് 5,424 പേർക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,556 പേർ കോവിഡ് സ്ഥിരീകരിച്ചവരാണെന്നും 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുളളത്. കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്ന എറണാകുളം സ്വദേശികളായ രണ്ടുപേരും പത്തനംതിട്ട സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം.
Read More: ബ്ലാക്ക് ഫംഗസ് കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലും പ്രമേഹ രോഗികളിലും: പഠനം
മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ശ്വാസകോശത്തെ അല്ലെങ്കിൽ സൈനസുകളെയാണ് ബാധിക്കുക. നേരത്തെ കടുത്ത പ്രമേഹ രോഗികളെ മാത്രം ബാധിച്ചിരുന്ന രോഗം ഇപ്പോൾ രാജ്യത്തെ പല ആശുപത്രികളിലും കോവിഡ് രോഗികളിലും സ്ഥിരീകരിക്കുന്നുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങൾ മൂലമാണ് ഈ വർധനവ് ഉണ്ടാകുന്നത്. പ്രമേഹമുള്ള കോവിഡ് രോഗികൾക്ക് ഈ ഫംഗസ് ബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്‌ഡിന്റെ അമിത ഉപയോഗവും ഫംഗസ് ബാധയ്ക്ക് കാരണമാകുന്നുണ്ട്.
കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലര്‍ന്നമുള്ള മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കില്‍ അണ്ണാക്കിനു മുകളില്‍ കറുത്ത നിറം, പല്ലുകള്‍ക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച, ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍, നെഞ്ചുവേദന, ശ്വസന ലക്ഷണങ്ങള്‍ വഷളാകല്‍ എന്നിവ ശ്രദ്ധിക്കണം.