ന്യൂഡൽഹി: ഇന്ത്യയിലെ ​52,236 പേർ ഇന്നും തോട്ടിപ്പണി ചെയ്‌തു ജീവിക്കുന്നുവെന്ന് മന്ത്രി തല ടാസ്ക് ഫോഴ്സിന്റെ കണ്ടെത്തൽ. സർവ്വേ നടത്തിയ 12 സംസ്ഥാനങ്ങളിലെ മാത്രം കണക്കാണിത്. 2017 വരെ യുളള​ ഔദ്യോഗിക കണക്കുകളുടെ നാലിരട്ടിയാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം 13,000 പേരെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ​ വിവിധ മന്ത്രിതല വകുപ്പുകളുടെ ഏകോപനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കേരളത്തിൽ ​916 പേരാണ് ഈ ജോലി ചെയ്‌ത് ജീവിക്കേണ്ടി വരുന്നതെന്ന് കണക്ക് കാണിക്കുന്നു.

സംസ്ഥാനത്തിന്റെ കണക്കിൽ ഇത് 600 പേർ മാത്രമാണ്. കേരളത്തിൽ രണ്ട് വർഷം മുമ്പ് ബജറ്റിൽ ഈ​ തൊഴിൽ അവസാനിപ്പിക്കുകയും യന്ത്രവത്കരിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും 916 പേർ ഈ​ തൊഴിൽ ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. സ്കാവൻജിങ് നടത്താനായി യന്ത്രവത്കൃത സംവിധാനം ആരംഭിച്ചുവെങ്കിലും അത് അതിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ തുടരുകയാണ്.

ദേശീയ സർവേയിൽ 53,000 പേരെ ഈ തൊഴിൽ ചെയ്യുന്നവരായി കണ്ടെത്തിയപ്പോൾ സംസ്ഥാനങ്ങൾ നൽകിയിരുന്ന കണക്കിൽ അത് വെറും 6,650പേർ മാത്രമാണ്. അതായത് സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് തുടരുന്നുവെന്നത് വ്യക്തമാക്കുന്നതാണ്.

മുൻകാലങ്ങളിൽ ഇതിനേക്കാൾ കൂടുതൽ ആളുകൾ ഇതേ ഉപജീവന മാർഗം തേടിയിരുന്നിരിക്കാം. എന്നാൽ ആ വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതാകാനായിരിക്കും സാധ്യത. ഈ കണക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ​ദാതാവും തോട്ടിപ്പണി ചെയ്യുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുമുളള റയിൽവേയിൽ നിന്നുളള കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല.

ഈ മാസം അവസാനത്തോടെ സർവേ പൂർത്തിയാക്കും. 18 സംസ്ഥാനങ്ങളിലെ 170 ജില്ലകളിലാണ് സർവേ നടത്തുന്നത്. ഇതുവരെ 12 സംസ്ഥാനങ്ങളിലെ 121 ജില്ലകളിൽ നിന്നുളള കണക്കാണിത്. ബിഹാർ, ജമ്മു കശ്‌മീർ, കർണാടക, ജാർഖണ്ഡ്, തെലങ്കാന, ബംഗാൾ എന്നിവിടങ്ങളിൽ സർവ്വേ നടത്തിയിട്ടില്ല.

“12 സംസ്ഥാനങ്ങളാണ് സർവ്വേയോട് സഹകരിച്ചത്. അവിടെ തന്നെ ഞങ്ങൾ കണ്ടെത്തിയ എണ്ണം പരിശോധിക്കുന്ന കാര്യത്തിൽ​​ അവർക്ക് വൈമ്യുഖമുണ്ടായിരന്നു”എന്ന് ടാസ്ക് ഫോഴ്സിലെ ഒരംഗം പറയുന്നു. യുപിയിലാണ് ഏറ്റവും കൂടുതൽ തോട്ടിപ്പണിക്കാരുളളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 28,796 പേരാണ് അവിടെ റജിസ്റ്റർ ചെയ്‌തിട്ടുളളത്.

മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നേരത്തെ പൂജ്യം മുതൽ 100 പേർ വരെ മാത്രമേ ഉളളൂവെന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ ഈ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഈ സംസ്ഥാനങ്ങളിൽ ഉയർന്നിരിക്കുന്നു.

തോട്ടിപ്പണി 1993 മുതൽ നിയമം കൊണ്ട് നിരോധിച്ചുവെങ്കിലും ഇത് 2013 ലെ ഭേദഗതിയോടെയാണ് ​ഈ തൊഴിലിന്റെ ആപൽക്കരമായ മേഖലകളെ കൂടെ പരിഗണിച്ചത്. മനുഷ്യൻ ചെയ്യുന്ന എല്ലാതരത്തിലുളള തോട്ടിപ്പണികളെ കുറിച്ചും രണ്ട് മാസത്തിനുളളിൽ സർവ്വേ പൂർത്തിയാക്കണമെന്നും അന്ന് നിർദ്ദേശിച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ 1993 ലെ നിയമത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ സർവ്വേ 2004ൽ ​പൂർത്തിയാക്കിയ കണക്ക് പ്രകാരം ഏഴ് ലക്ഷം പേരാണ് തോട്ടിപ്പണി ചെയ്യുന്നവരായി ഉണ്ടായിരുന്നത്. അതിൽ അപകടരമായ തോട്ടിപ്പണി ചെയ്യുന്നവരെ ഉൾപ്പെടുത്തിയിരുന്നില്ല. അതിൽ തന്നെ നാല് ലക്ഷം പേരെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook